പ്രതിരോധകുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നവരാര്?

പ്രതിരോധകുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നവരാര്?

അടുത്ത കാലത്തായി കേരളത്തിൽ പ്രതിരോധ കുത്തിവയ്പുകൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. അത്തരം പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദങ്ങളും വളരെ വിചിത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിന് ഭാവിയിൽ ഈ കുത്തിവയ്‌പ്പുകൾ വിനിയോഗിക്കപ്പെട്ടേക്കാം എന്ന സംശയമാണത്രേ അതിന് കാരണം. പ്രതിരോധ കുത്തിവയ്പ്പിന്റെ മറവിൽ അത്തരം ദുരുപയോഗങ്ങൾ നടക്കുന്നതായി രാജ്യത്ത് ഒരിടത്തും ഒരു അന്വേഷണ ഏജന്സിയോ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരോ പരാതിപ്പെട്ടിട്ടില്ല. അത്തരം ദുരുപയോഗങ്ങൾ ആരോപിക്കുന്നവരുടെ കൈവശം, അവരുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളോ രേഖകളോ പോലുമില്ല. ഭാവിയിൽ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം എന്നൊരു ഉൾവിളിയുടെ ചുവട്പിടിച്ചു ഇറങ്ങിയവരാണോ ഇവർ അതോ ഇത്തരം ഒരു രാജ്യദ്രോഹപരമായ ഇത്തരം പ്രവർത്തികൾ ഏതെങ്കിലും രഹസ്യ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണോ ഇക്കൂട്ടർ എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു. ദശാബ്ദങ്ങളുടെ പരിശ്രമഫലമായി നമ്മുടെ രാജ്യം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു എന്ന സത്യം നിസ്സാരമായ ഒരു കാര്യമായി തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല.

പ്രതിരോധ കുത്തിവയ്പുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പ്രതിരോധ മരുന്നുകളോളം തന്നെ പ്രായമുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ എഡ്‌വേഡ്‌ ജെന്നർ തന്റെ ചരിത്രപരമായ പരീക്ഷണങ്ങൾ നടത്തുമ്പോൾ തന്നെ ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ ഈ മരുന്നുകളുടെ രോഗപ്രതിരോധശേഷിയിൽ സംശയവും ആശങ്കയും പ്രകടിപ്പിച്ചിരുന്നു. കാലാന്തരത്തിൽ ആ സംശയങ്ങളും ആശങ്കളും അസ്ഥാനത്തായിരുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം തന്നെ തെളിയിച്ചു. എന്നിരുന്നാലും ഇന്നും ലോകത്തിന്റെ പലഭാഗത്തും ഇത്തരം പ്രതിഷേധങ്ങൾ വ്യാപകമാണ്, പക്ഷേ കേരളത്തിലേത് പോലെ, വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത മതപുരോഹിതന്മാരാൽ നയിക്കപ്പെടുന്ന കേന്ത്രീകൃത സ്വഭാവമുള്ള ഇത്തരമൊരു പ്രതിഷേധം അന്വേഷണവിധേയമാക്കേണ്ടവിധം ആപത്കരമായ ഒന്നാണ്.

വൈദ്യശാസ്ത്രരംഗത്ത് രാജ്യത്ത് തന്നെ പ്രഥമസ്ഥാനം അലങ്കരിക്കുന്ന, സമ്പൂർണ്ണ സാക്ഷരർ എന്ന് ഊറ്റം കൊള്ളുന്ന മലയാളികളിൽ തന്നെയാണ് ഒരുകാലത്ത് രാജ്യത്തുനിന്നുതന്നെ നിർമ്മാർജനം ചെയ്യപ്പെട്ട രോഗങ്ങൾ വീണ്ടും കണ്ടുതുടങ്ങിയിരിക്കുന്നത്. അവയ്ക്ക് പ്രധാനകാരണമായി ചൂണ്ടി കാട്ടപ്പെടുന്നത് പ്രതിരോധ കുത്തിവയ്പുകളോടുള്ള നമ്മുടെ അവഗണനയാണ്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, 2008 മുതൽ 2015 വരെയുള്ള കാലയളവിൽ 20 മുതൽ 35 കുട്ടികളെങ്കിലും പ്രതിരോധകുത്തിവയ്പുകളാൽ ഒഴിവാക്കാൻ കഴിയുമായിരുന്ന രോഗങ്ങൾ പിടിപെട്ട് മലപ്പുറം ജില്ലയിൽ മാത്രം മരണമടഞ്ഞിട്ടുണ്ട്. ഡിഫ്ത്തീരിയ, ടെറ്റനസ്, അഞ്ചാംപനി മുതലായ രോഗങ്ങളാണ് മരണകാരണമായവയിൽ ഏറെയും. അടുത്തകാലത്തായി ഈ മേഖലയിൽ ഡിഫ്ത്തീരിയ ഒരു പകർച്ചവ്യാധിയായി പരിണമിച്ചിരിക്കുന്നു. ജൂൺ മാസത്തിൽ മാത്രം ഇരുപത്തഞ്ചോളം രോഗികളെയാണ് ഡിഫ്ത്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്, അവരിൽ ഏറെയും കുട്ടികളാണ്. രണ്ടു കുട്ടികൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇവരിലെല്ലാം തന്നെ പൂർണമായോ ഭാഗികമായോ പ്രതിരോധശേഷി നഷ്ടപ്പെട്ടിരുന്നു എന്നും കണ്ടെത്തിയിരുന്നു. പ്രതിരോധകുത്തിവയ്‌പ്പുകൾ നേടിയിരുന്നെങ്കിൽ ഈ കുട്ടികളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്ന് കുട്ടികളെ ചികിത്സിച്ച ഡോക്ടർമാർ അടിവരയിടുന്നു.

അശാസ്ത്രീയമായ കാരണങ്ങൾ ഉന്നയിച്ച് കുട്ടികൾക്ക് പ്രതിരോധകുത്തിവയ്‌പ്പുകൾ നൽകാൻ വലിയൊരു വിഭാഗം രക്ഷിതാക്കൾ വിസമ്മിതിക്കുന്നത് മലപ്പുറം ജില്ലയിൽ പതിവാണെന്ന് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ചില മതവിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധകുത്തിവയ്പുകൾക്കെതിരെ നടക്കുന്ന പ്രചരണങ്ങളും ബദൽ ചികിത്സാമാർഗങ്ങളുടെ സ്വീകാര്യതയും ജില്ലയെ ഒരു പകർച്ചവ്യാധി മേഘലയാക്കിയിരിക്കുന്നു. പ്രതിരോധമരുന്നുകളുടെ കുത്തിവയ്പ്പ്, കുട്ടികളിൽ ഓട്ടിസം പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് ചിലർ കുപ്രചരണം നടത്തുമ്പോൾ, സർക്കാരും ബഹുരാഷ്ട്രകുത്തക മരുന്ന് കമ്പനികളും ചേർന്ന് വന്ധ്യംകരണത്തിന് കാരണമാകുന്ന മരുന്നുകൾ കുട്ടികളിൽ കുത്തിവയ്ക്കുന്നു എന്നുവരെ മറ്റുചിലർ കുപ്രചരിപ്പിക്കുന്നു. വിശ്വസനീയമായ വിവരങ്ങളുടെയും ബോധവത്കരണങ്ങളുടെയും അഭാവത്തിൽ സാധാരണക്കാർ പലപ്പോഴും ഇക്കൂട്ടരുടെ ചതിക്കുഴിയിൽ വീഴുന്നു. കാലഹരണപ്പെട്ട പഠനങ്ങളുടെ സ്ഥിതിവിവരകണക്കുകൾ പെരുപ്പിച്ച് കാട്ടിയും ഇക്കൂട്ടർ സാധാരണക്കാരെ പരിഭ്രാന്തരാക്കുന്നു. ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും വാക്കുകൾക്ക് വിലനൽകാതെ, സംഭവിക്കുന്ന മരണങ്ങൾ നാമമാത്രമായ അപകടങ്ങൾ മാത്രമാണെന്നും ഇക്കൂട്ടർ ഊന്നിപ്പറയുന്നു.

രോഗപ്രതിരോധശേഷിയില്ലാത്ത, ഏഴിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള 1.72 ലക്ഷം കുട്ടികളാണ് ഈ പ്രദേശത്തുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ആരെയും ഭയപ്പെടുത്തുംവിധം അപകടകരമായ ഒരു സംഖ്യ മാത്രമല്ല അത്. രാജ്യത്തിന്റെ ഭാവിവാഗ്ദ്ധാനങ്ങളായ ഒരു ജനതയെ തന്നെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള മാരകവിഷമാണ് ഈ കുപ്രചരണങ്ങൾ എന്ന ഓർമപ്പെടുത്തൽ കൂടിയാണ്.

പ്രദേശത്ത് വസിക്കുന്ന മൂന്നിലൊന്ന് കുട്ടികൾക്കും വില്ലൻചുമ, ടെറ്റനസ്, ഡിഫ്ത്തീരിയ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നാമൊന്ന് മനസ്സുവെച്ചാൽ തടയാൻ കഴിയുന്ന രോഗങ്ങളാണ് ഇവയെല്ലാം. സാംക്രമിക രോഗമായ ഡിഫ്ത്തീരിയ പടർത്തുന്ന അണുക്കൾക്ക് യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യന്റെ ശരീരത്തിൽ ഒളിച്ചിരിക്കാനും അയാൾവഴി രോഗപ്രതിരോധശേഷി കുറഞ്ഞ മറ്റൊരാളുടെ ശരീരത്തിലേക്ക് കടന്നെത്താനും കഴിയും. രോഗപ്രതിരോധശേഷി കുറഞ്ഞ ഇത്രവലിയ ഒരു ജനക്കൂട്ടത്തിനിടയിലേക്ക് ഒരു പെരുംപകർച്ചവ്യാധിയായി ഡിഫ്ത്തീരിയ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ഉയർന്ന സാക്ഷരതാനിരക്കും മെച്ചപ്പെട്ട ജീവിതനിലവാരവും ആശുപത്രികളുടെയും ഡോക്ടറുമാരുടെയും സാന്ദ്രത ഏറ്റവുമധികവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിനാണ് ഈ അവസ്ഥയെന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.

സർക്കാരിന്റെ ആരോഗ്യ സംരംഭങ്ങളിന്മേൽ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതാണ് ഇത്തരമൊരു അവസ്ഥയുടെ മൂലകാരണം എന്നുവേണം അനുമാനിക്കാൻ. സമൂഹത്തിന്റെ താഴേത്തട്ടുകളിൽ വരെ എത്തിച്ചേരുംവിധം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയാണ് അടിയന്തരമായി നാം ചെയ്യേണ്ടത്. സംസ്ഥാനത്തുടനീളമുള്ള ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും കൈകോർത്ത് പിടിച്ച് ബോധവത്‌കരണ പ്രവർത്തനങ്ങൾക്കായി മുന്നോട്ട് വരണം.

സ്കൂൾ പ്രവേശനത്തിന് പ്രതിരോധ കാർഡുകൾ നിർബന്ധമാക്കിയ പ്രവർത്തി വളരെയേറെ പ്രശംസയർഹിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ 'മിഷൻ ഇന്ദ്രധനുഷ്' പദ്ധതിയുടെ ഭാഗമായി, മലപ്പുറം ജില്ലയേയും കാസർഗോഡ് ജില്ലയേയും വളരെയേറെ ശ്രദ്ധയർഹിക്കുന്ന മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത് ആശ്വാസകരമാണ്.

രോഗം വന്നശേഷം ചികിത്സിക്കുന്നതിലും നല്ലതല്ലേ രോഗംവരാതെ കാക്കുന്നത്.
Prevention is better than cure.

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്