ആർ എസ് എസ് സർസംഘചാലകിന്റെ അഭിപ്രായത്തോടുള്ള പ്രതികരണം

ആർ എസ് എസ് സർസംഘചാലകിന്റെ അഭിപ്രായത്തോടുള്ള പ്രതികരണം

ആർ എസ് എസ്  സർസംഘചാലക് ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചും ട്രാൻസ്‌ജെന്റർ സമൂഹത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ വായിക്കുവാൻ ഇടയായി. ആ പശ്ചാത്തലത്തിൽ... ഒരു ട്രാൻസ്‌ജെന്റർ വ്യക്തി എന്ന നിലയിലും, ഒരു ആർ എസ് എസ് പ്രസ്ഥാനത്തിന്റെ സംസ്ഥാന കാര്യാലയത്തിൽ ഒന്നര വർഷം ഉത്തരവാദിത്വപ്പെട്ട ഒരു പദവിയിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലയിലുമാണ് ഈ കുറിപ്പ്.

ആദ്യം, അദ്ദേഹം പറഞ്ഞ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. അതിൽ നിന്നും ചില കാര്യങ്ങളിൽ തന്നെ തുടങ്ങാം...

"ട്രാൻസ്‌ജെന്റർ സമൂഹം എന്നത് ഒരു പ്രശ്നമല്ല. അവർക്ക് അവരുടേതായ ദൈവങ്ങളുണ്ട്, സമ്പ്രദായങ്ങളുണ്ട്, സ്വന്തം മഹാമണ്ഡലേശ്വർ ഉണ്ട്." ഈ വാക്കുകളിൽ വ്യക്തമാകുന്ന ഒരു വസ്തുത അദ്ദേഹത്തിന് ട്രാൻസ്‌ജെന്റർ സമൂഹവും ഹിജഡ/കിന്നർ സമൂഹവും തമ്മിൽ ഉള്ള വ്യത്യാസം എന്തെന്ന് അറിയില്ല എന്നതാണ്. കിന്നർ/ഹിജഡ സംസ്കാരം പിന്തുടരുന്നത് ഒരു വിഭാഗം ആളുകൾ മാത്രമാണ്.

ആ ആശയത്തോടും ജീവിതരീതിയോടും ആ സംസ്കാരത്തിന്റെ കീഴ്വഴക്കങ്ങളോടും ഒരു തരത്തിലും സമരസപ്പെടാൻ കഴിയാത്ത വലിയൊരു പക്ഷം ട്രാൻസ് സമൂഹത്തിൽ തന്നെയുണ്ട്. മാത്രമല്ല, ട്രാൻസ്മെൻ സമൂഹത്തിനോ ലൈംഗിക ന്യൂനപക്ഷങ്ങൾക്കോ യാതൊരു സ്ഥാനവും ആ സംസ്കാരത്തിനുള്ളിൽ ലഭ്യമല്ല എന്നതാണ് സത്യം.

അതുകൊണ്ട് മഹാമണ്ഡലേശ്വർ ഉണ്ടെന്ന് പറയുമ്പോൾ അങ്ങനെ ഒരു വ്യക്തി ഉള്ളത് കൊണ്ട് ട്രാൻസ്‌ സമൂഹത്തിന് എന്ത് ഗുണം ആണ് ലഭിച്ചത് എന്ന് കൂടി അന്വേഷിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. മഹാമണ്ഡലേശ്വർ എന്ന സ്ഥാനം ഉത്തരേന്ത്യൻ കിന്നർ സമൂഹത്തിനായി ഉഴിഞ്ഞ് വെച്ച ഒരു സ്ഥാനമാണ്. ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർക്ക് ഇങ്ങനെ ഒരു സ്ഥാനം ഉള്ളത് തന്നെ അറിവുണ്ടാകില്ല.

“ഇത്തരം കാര്യങ്ങളിൽ ആർ എസ് എസ് ആശ്രയിക്കുന്നത് പാരമ്പര്യ ജ്ഞാനങ്ങളെ ആണ്” എന്നും അദ്ദേഹം പറയുന്നുണ്ട്… അവിടെ ഒരു പ്രശ്നമുള്ളത് പാരമ്പര്യ ജ്ഞാനങ്ങളിൽ ട്രാൻസ് സമൂഹത്തിന്റെ മാനസിക, ശാസ്ത്രീയ തലങ്ങളെ കുറിച്ച് പരാമർശങ്ങൾ തന്നെ വിരളം ആണെന്നതാണ്.

സ്ത്രീ പുരുഷ സംഗമഭാവം എന്ന ഒരു സങ്കൽപം മാത്രമാണ് ആധാരം. എന്നാൽ അങ്ങനെ ലിമിറ്റ് ചെയ്യാൻ കഴിയുന്ന ഒരു സാധ്യത ട്രാൻസ് സമൂഹത്തിനോ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കോ ഇല്ല എന്നതാണ് വസ്തുത. ആഴത്തിലുള്ള പഠനവും സാമൂഹിക, നിയമ പരിഷ്കാരങ്ങളും ഇനിയും ധാരാളം ആവശ്യമുണ്ട്. ഇത്തരം കാര്യങ്ങളെ അദ്ദേഹവും സംഘടനയും ഇനി അഡ്രസ്സ് ചെയ്യുമെന്നും, അതിന് ആവശ്യമായ കേന്ദ്ര നിയമ നിർമാണങ്ങളിൽ അദ്ദേഹത്തിനും സംഘടനയ്ക്കും ഉള്ള സ്വാധീനം ഉപയോഗപ്പെടുത്തും എന്നും പ്രതീക്ഷിക്കുന്നു.

സംഘടനാപരമായ ചട്ടക്കൂടിനെ കുറിച്ച് സംസാരിച്ചാലും ട്രാൻസ്‌ജെന്റർ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഭാരതത്തിൽ തന്നെ ഏറ്റവും പിന്നിൽ നിൽക്കുന്ന സംഘടന ആർ എസ് എസ് ആണെന്ന് നിസംശയം പറയാൻ സാധിക്കും.
വിവിധ ക്ഷേത്ര സംഘടനകൾ ധാരാളം ഉള്ള ആർ എസ് എസിൽ ഒരു ട്രാൻസ് സംഘടന ഇല്ലെന്നതാണ് വസ്തുത.
രാഷ്ട്രീയപരമായി നോക്കിയാൽ ബിജെപിയിൽ മെമ്പർഷിപ് ഫോമിൽ പോലും ഒരു ട്രാൻസ്‌ജെന്റർ കോളമില്ല. കോൺഗ്രസിന് ട്രാൻസ്‌ജെന്റർ കോൺഗ്രസ് എന്നൊരു സംവിധാനം തന്നെ നിലവിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ധാരാളം ട്രാൻസ്ജെന്റർ യൂണിറ്റുകളും നിലവിലുണ്ട്.

ബിജെപിയുടെ കീഴിൽ എണ്ണിയാൽ ഒടുങ്ങാത്ത മോർച്ചകൾ ഉണ്ട്. യുവമോർച്ച, മഹിളാമോർച്ച, കിസാൻ മോർച്ച, SC മോർച്ച, ST മോർച്ച, ന്യൂനപക്ഷ മോർച്ച, OBC മോർച്ച എന്നിങ്ങനെ പോകുന്നു. പക്ഷെ ഇന്നോളം ഒരു ട്രാൻസ്ജെന്റർ മോർച്ചയോ LGBT മോർച്ചയോ ഇല്ല. വർഷങ്ങളായി അംഗത്വമെടുത്ത് ബിജെപിയിൽ പ്രവർത്തിക്കുന്ന പല ട്രാൻസ് വ്യക്തികളെയും കുറിച്ച് നേതൃത്വത്തിന് തന്നെ അറിവില്ലാത്ത അവസ്ഥ ഒരുപക്ഷെ ബിജെപിക്ക് മാത്രം സ്വന്തം ആയിരിക്കും.

ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധ്യം ഉള്ളതിനാലാകാം സംഘടനയ്ക്ക് ഉള്ളിലെ ട്രാൻസ്‌ജെന്റർ പ്രാതിനിധ്യത്തെ കുറിച്ച് അദ്ദേഹം ഒന്നും സംസാരിക്കാതെ ഇരുന്നത്.

ഇനി വ്യക്തിപരമായ ചില അനുഭവങ്ങൾ പറയാം...

ഒരു ആർ എസ് എസ് പ്രസ്ഥാനത്തിന്റെ സംസ്ഥാന കാര്യാലയത്തിൽ സംസ്ഥാന തലത്തിൽ തന്നെ ഉന്നതമായ സ്ഥാനം വഹിച്ച ഒരു വ്യക്തിയാണ് എന്ന് ആമുഖത്തിൽ പറഞ്ഞിരുന്നല്ലോ... അതുകൊണ്ട് തന്നെ ഒരുപാട് ആർ എസ് എസ് നേതാക്കന്മാരുമായി അടുത്ത് ഇടപഴകാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴും ധാരാളം കളിയാക്കലുകൾ അവരിൽ നിന്നും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ മാനസികമായി തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പലതും...

എന്റെ വസ്ത്രധാരണത്തെ പലപ്പോഴും സംസ്ഥാന നേതൃത്വത്തിൽ ഉള്ള വ്യക്തികൾ പോലും കളിയാക്കിയിട്ടുണ്ട്. അതുപോലെ എന്റെ വിദ്യാഭ്യാസത്തെയും... പഠിക്കാൻ സാഹചര്യമില്ലാത്തതിനാൽ വളരെ ചെറുപ്പത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ ഒരുപാട് പൊരുതി പഠനം പുനരാരംഭിച്ചു. ഇപ്പോൾ IIT മദ്രാസിൽ ബി എസ് സി പഠിക്കുന്നു.

ഒരിക്കൽ ഒരു പ്രചാരകനും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ഞങ്ങളുടെ കാര്യാലയം സന്ദർശിച്ചു. എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തിൽ എന്നെയും പരിചയപ്പെടാൻ എത്തി. "ഇത് സുകന്യാജി, സ്റ്റേറ്റ് ഐടി ഹെഡ് ആണ്..." എന്നും പറഞ്ഞ് ഒരാൾ എന്നെ പരിചയപ്പെടുത്തി.

"എന്താണ് പഠിച്ചത് ?" എന്നായി മറ്റൊരാളുടെ ചോദ്യം. ഇപ്പോൾ പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ... "ഇപ്പോഴും പഠിക്കുകയാണോ?" എന്നും ചോദിച്ച്, ചില അനാവശ്യ കമന്റുകൾ അതിന് പിന്നിൽ അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ആൾ ചോദിക്കുന്ന ഒരു ചോദ്യം കേട്ട് എനിക്ക് ചിരി അടക്കാനായില്ല... "ഇപ്പോഴും ഏതോ 'ഐടിഐ'യിൽ പഠിക്കുക്കയാണത്രേ... ഇത്ര കോളിഫിക്കേഷൻ ഇല്ലാത്ത ഒരാളെ ആണോ നിങ്ങൾക്ക് കിട്ടിയത്?"

ഇതൊരു തമാശയായി എടുക്കാൻ കഴിയുന്ന ഒന്നാണെങ്കിൽ അങ്ങനെ അല്ലാത്ത ഒരുപാട് കാര്യങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് ഒരു പൊതുവേദിയിൽ പറയുന്നത് ശരിയല്ല എന്ന് തോന്നുന്നതിനാൽ അതിന് മുതിരുന്നില്ല. എന്റെ അഭിപ്രായത്തിൽ, കുറഞ്ഞത് ഒരു sensitization program എങ്കിലും നൽകിയ ശേഷം കമ്മയൂണിറ്റിയെ കുറിച്ച് കൂടുതൽ പറയുന്നത് നന്നായിരിക്കും എന്നാണ് തോന്നുന്നത്.

ഈ വൈകിയ അവസരത്തിലെങ്കിലും ട്രാൻസ്/ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളെ അഭിസംബോധന ചെയ്യുവാൻ അദ്ദേഹം ശ്രമിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നു.

Better late than never!

സ്നേഹം.
സുകന്യ കൃഷ്ണ.

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്