ട്രാൻസ് ഡയമണ്ട്: ഒരു ഓർമ്മക്കുറിപ്പ്

ട്രാൻസ് ഡയമണ്ട്: ഒരു ഓർമ്മക്കുറിപ്പ്

കുറേ കാലമായി എഴുതിയിട്ട്… എഴുതാനായി മാറ്റിവെക്കുവാൻ സമയം കണ്ടെത്താൻ കഴിയാതെ പോകുന്നതും ഏറി വരുന്ന ഉത്തരവാദിത്വങ്ങളും ഒക്കെ കാരണങ്ങൾ ആയി നിരത്താം… ഈ വിഷയം പോലും എഴുതുവാൻ നാല് ദിവസം എടുത്തു.

സാധാരണയായി പൊതുവേദികളിലേക്ക് ലഭിക്കുന്ന ക്ഷണങ്ങൾ സ്നേഹത്തോടെ നിരസിക്കാറായിരുന്നു പതിവ്. പക്ഷേ, ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നവർ ക്ഷണിച്ചതിനാലും അങ്ങനെ തന്നെയുള്ള ചിലർ പങ്കെടുക്കുന്നതിനാലും സകല തിരക്കുകളും ഒഴിവാക്കി വെച്ച് “ട്രാൻസ് ഡയമണ്ട് ” എന്ന പരിപാടി കാണുവാൻ കഴിഞ്ഞ ഞായറാഴ്ച പോവുകയുണ്ടായി…

ട്രാൻസ്ജെന്ററുകൾക്കായുള്ള വർക്ഷോപ്പുകളും സൗന്ദര്യ മത്സരങ്ങളും മറ്റു കലാപരിപാടികളും അടങ്ങുന്ന, അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഒരു മെഗാ ഇവന്റ് ആയിരുന്നു ട്രാൻസ് ഡയമണ്ട്. ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര ഹോട്ടൽ ആയ ദി ലളിത് അശോകിൽ വെച്ചായിരുന്നു ഇവന്റിന്റെ വലിയ പങ്കും നടത്തപ്പെട്ടത്. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ തങ്ങളാൽ കഴിയും വിധം ഇവന്റ് ഗംഭീരമാക്കുവാൻ അണിയറപ്രവർത്തകർ ശ്രമിച്ചു. പ്രശംസനീയമാംവിധം അവരത് ഭംഗിയാക്കുകയും ചെയ്തു.

അണിയറപ്രവർത്തകരിൽ ഏറിയ പങ്കും എന്റെ വളരെയടുത്ത സുഹൃത്തുക്കളായതിനാൽ അവർ അനുഭവിച്ച കഷ്ടപ്പാടുകൾ പലതും നേരിൽ കാണുകയും എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ ചെയ്തു കൊടുക്കുകയുമുണ്ടായി. ഇവന്റിന്റെ അവസാനനിമിഷം വരെ അവരനുഭിച്ച ബുദ്ധിമുട്ടുകളും അവർക്ക് നേരിടേണ്ടി വന്ന വൃത്തികെട്ട രാഷ്ട്രീയ പകപോക്കലും ചില്ലറയൊന്നുമല്ല.

ഇങ്ങനെയൊക്കെയെങ്കിലും ഇവന്റിന്റെ അവസാന ഇനമായ സൗന്ദര്യ മത്സരങ്ങൾ കഴിഞ്ഞതോട് കൂടി അവരുടെ മുഖങ്ങളിൽ സന്തോഷവും ദീർഘനിശ്വാസങ്ങളും കണ്ടു. പക്ഷേ അധികം വൈകാതെ തന്നെ വേദിയിൽ ആകെ ബഹളം. വെല്ലുവിളികളും അധിക്ഷേപങ്ങളും ഒച്ചപ്പാടുകളും ഒക്കെയായി… എന്താണ് എന്ന് എഴുന്നേറ്റുനോക്കിയപ്പോൾ കാണാൻ കഴിയുന്നത്, മത്സരത്തിൽ തോറ്റ ഒരു മത്സരാർഥിയുടെ പ്രകടനമാണ്.

ഒരു മത്സരം ആകുമ്പോൾ വിജയവും പരാജയവും ഉണ്ടാകും. തോൽക്കുന്നവർ ജയിച്ചവർക്ക് നേരെ ആക്രമണം നടത്തുന്നത് മത്സരനീതി ആയി കാണാൻ കഴിയില്ല. യുദ്ധം ആണെങ്കിൽ കൂടി പോരാട്ടം അവസാനിച്ചാൽ രംഗം ശാന്തമാണ്. പക്ഷേ ഇവിടെ സംഭവിച്ചത് മറിച്ചാണ്…

ഓരോ ഇനങ്ങളിലും ദയനീയ പ്രകടനം കാഴ്ചവെച്ച ഈ മത്സരാർത്ഥി, ചില ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ ഇരുന്ന് ഉറങ്ങുകപോലും ചെയ്തു. അഞ്ച് ദിവസങ്ങളിൽ മൂന്ന് ദിവസവും മത്സരാർത്ഥികളോടൊപ്പം സമയം ചിലവിട്ടതിനാൽ ഓരോരുത്തരുടെയും വികാരവിചാരങ്ങൾ നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്തിരുന്നു. അല്പം സങ്കടത്തോടെ മാത്രം പറയട്ടെ, എന്റെ സുഹൃത്തും മലയാളിയുമായ ഈ മത്സരാർത്ഥി മുഴുവൻ സമയവും കുശുമ്പും വിധ്വേഷവും ദേഷ്യവും മാത്രമാണ് മറ്റുള്ളവരിലേക്ക് പകർന്നതും, പ്രകടിപ്പിച്ചതും… ചിലപ്പോഴൊക്കെ മറ്റ് മത്സരാർത്ഥികളോട് മേൽക്കോയ്മയോടെ പെരുമാറുന്നതും കാണാൻ സാധിച്ചിരുന്നു. അപ്പോഴേ തോന്നിയിരുന്നു, ഈ മത്സരത്തിന് ഒരു തരത്തിലും യോജിക്കാത്ത ഒരു മത്സരാർത്ഥി ആണ് അവരെന്ന്.

മുഖസൗന്ദര്യത്തേക്കാൾ മനസൗന്ദര്യമുള്ള ഒരുവളെ ആ വേദിയിൽ വെച്ച് പരിചയപ്പെടുവാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. വിജയിക്കേണ്ടവൾ ഇവൾതന്നെ എന്ന് അപ്പോഴേ തോന്നിയിരുന്നു. തോന്നലുകളെ ശരിവെക്കുംവിധം സൗന്ദര്യ മത്സരത്തിൽ അവർ വിജയിക്കുകയും ആദ്യം പറഞ്ഞ എന്റെ സുഹൃത്ത് പരാജയപ്പെടുകയും ചെയ്തു.

ഉടൻ തന്നെ തെറിവിളിയും വെല്ലുവിളിയും ഉയർത്തിയ അവൾ മത്സരത്തിൽ വിജയിച്ച മത്സരാർത്ഥി “ട്രാൻസ്‌ജെന്റർ അല്ലെന്നും ആൺകുട്ടി ആണെന്നും” പറഞ്ഞ് ബഹളം ഉണ്ടാക്കാൻ തുടങ്ങി. പ്രിയ സുഹൃത്തേ, ഇത് വളരെ തരംതാണ ഒരു വർത്തമാനം ആയി പോയി. ഒടുവിൽ ഹോട്ടലിലെ സുരക്ഷാജീവനക്കാർ എത്തി അവളെ ശാസനാപൂർവ്വം പുറത്തേക്കിറക്കുന്ന കാഴ്ചയും കാണേണ്ടി വന്നു.

നിന്നെ പോലെ തന്നെ ഉള്ള ഒരുവൾ ആണ് അവളും, അവളെ ഉത്തരത്തിൽ അധിക്ഷേപിച്ച നിനക്ക് ഒന്നാം സ്ഥാനത്തിന് യാതൊരു അർഹതയുമില്ല എന്നും ‘സമൂഹത്തോട് മാന്യമായി ഇടപഴകിയാൽ മാത്രമേ സമൂഹം അത് നിനക്ക് തിരികെ നൽകൂ’, എന്നും ഈ അവസരത്തിൽ നിന്നെ ഓർമിപ്പിക്കുന്നു. സമൂഹം ഒരു കണ്ണാടി പോലെയാണ് പ്രിയ സുഹൃത്തേ…

വളരെയധികം പാർശ്വവത്കരിക്കപ്പെടുമ്പോഴും പഴികേൾക്കേണ്ടി വരുമ്പോഴും പൊതുസമൂഹത്തിൽ നിന്നും നമ്മെ തേടിയെത്തുന്ന വേദികളും അംഗീകാരങ്ങളും നന്ദിയോടെ ഓർത്തില്ലെങ്കിലും സാരമില്ല, സ്വയം അപഹാസ്യരാകുന്നതോടൊപ്പം ഒരു സമൂഹത്തെ മുഴുവനും പരിഹാസ കഥാപാത്രങ്ങൾ ആകരുതെന്ന് അഭ്യർത്ഥിക്കുന്നു.

സുകന്യ കൃഷ്ണ.

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്