തമാശ എന്ന പേരിൽ തെമ്മാടിത്തരം പറയരുത്...
- സുകന്യ കൃഷ്ണ
- ഓഗസ്റ്റ് 17, 2020
- 377
- അഭിപ്രായങ്ങൾ
ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം മലായാളികളുടെ പ്രിയ നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.
ഈ പരിപാടി ഇതേ കാരണത്താൽ ഇതിന് മുൻപും ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം മുൻപ് ഫുക്രു വന്ന ഒരു എപ്പിസോഡിൽ അർജുവിനെ ഇതേ രീതിയിൽ അധിക്ഷേപിച്ചപ്പോഴായിരുന്നു ഇതിന് മുൻപ് ഇതേ പ്രോഗ്രാം ഞാൻ ശ്രദ്ധിച്ചത്.
ഫ്‌ളവേഴ്‌സ് ചാനലും അവരുടെ വാർത്താ ചാനൽ ആയ 24 ന്യൂസും ഇതൊരു സ്ഥിരം കലാപരിപാടിയായി കൊണ്ട് നടക്കുന്നതാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് മുൻപ് സന്തോഷ് ജോർജ് കുളങ്ങരയെയും ലൈവിൽ വിളിച്ചിരുത്തി ഊള ചോദ്യങ്ങൾ ചോദിച്ചിരുന്നു. അന്ന് അതിന് അർഹിക്കുന്ന മറുപടി അർഹമായ രീതിയിൽ തന്നെ സന്തോഷ് സാർ പറയുകയും ചെയ്തിരുന്നു.
തിരികെ സ്റ്റാർ മാജിക്ക് പരിപാടിയിലേക്ക് വരാം... മാന്യമായി സ്‌കിറ്റുകൾ ചെയ്യുന്ന തങ്കച്ചൻ ചേട്ടനെയും കൊല്ലം സുധിയേയും പോലെയുള്ള കുറച്ച് പേർ അതിലുണ്ട്. എന്നാൽ ജോബിയെപ്പോലെയും നെൽസനെ പോലെയും പിന്നെ അന്ന് അർജുവിനെ കളിയാക്കി സർജു എന്നൊരാൾ വന്നിരുന്നു (അയാളുടെ പേര് എനിക്കറിയില്ല, അയാൾ തന്നെയാണ് ഇന്നലെ ലാലേട്ടനേയും അധിക്ഷേപിക്കുന്ന രീതിയിൽ സ്കിറ്റ് ചെയ്തത്), ഇവരൊക്കെ സാമാന്യം ബോർ ആണ്. ദയവ് ചെയ്ത് ഇമ്മാതിരി കോപ്രായങ്ങൾ നിർത്തി, മറ്റെന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ ശ്രമിക്കൂ. ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ കോപ്രായങ്ങൾ അടിച്ചേൽപ്പിക്കലാണ്.
തമാശ എന്നാൽ ദ്വയാർത്ഥ പ്രയോഗങ്ങളും ബോഡി ഷെയ്മിങ്ങും ഒക്കെയാണ് എന്നാണ് ഇവരൊക്കെ ധരിച്ച് വെച്ചിരിക്കുന്നത്. സുഹൃത്തുക്കളേ... കളിയാക്കലുകൾ കളിയാക്കലുകളായി മാത്രമേ കാണുവാൻ സാധിക്കൂ... അതിനെ തമാശയായി തോന്നുന്നെങ്കിൽ അതൊരുതരം മാനസിക വൈകല്യമാണ്.
ഫ്‌ളവേഴ്‌സ് ചാനലിനോട് ഒരപേക്ഷയുണ്ട്. സാമാന്യ ബുദ്ധിക്കും നർമാസ്വാദനത്തിനും നിരക്കാത്ത ഈ പരിപാടി എത്രയും പെട്ടെന്ന് നിർത്തലാക്കുകയോ കാര്യപ്രാപ്തി ഉള്ള ആളുകളെ ഏൽപ്പിക്കുകയോ ചെയ്യുവാൻ ശ്രദ്ധിക്കുക.
അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം, ബോഡി ഷെയ്മിങ്ങും, പ്രൊഫഷൻ ഷെയ്മിങ്ങും എത്നിക് ഷെയ്മിങ്ങും എല്ലാം നിങ്ങളുടെ ഈ പരിപാടിയിൽ സുലഭമാണ്. ചില സാഹചര്യങ്ങളിൽ സ്ലട്ട് ഷെയ്മിങ്ങിലേക്കും കാരക്ടർ ഷെയ്മിങ്ങിലേക്കും ഒക്കെ ഈ പരിപാടി പോകുന്നുണ്ട്. അത് ഇനിയും തുടർന്നാൽ ബന്ധപ്പെട്ട അധികാരികൾക്ക് പരിപാടിയുടെ ഉള്ളടക്കത്തെ കുറിച്ച് വിശദമായ പരാതികൾ നല്കുന്നതാണ് എന്നും ഈ അവസരത്തിൽ അറിയിക്കുന്നു.
ഒരു ചാനൽ ഉണ്ടെന്നത് ആരുടേയും മുകളിൽ കുതിരകയറാനും ആരെയും മോശമായി ചിത്രീകരിക്കാനും ഉള്ള അനുമതി അല്ല എന്ന് ചാനലിന്റെ അണിയറ പ്രവർത്തകർ ഓർത്താൽ നന്ന്...