പൊലീസുകാരെ രക്ഷിക്കാൻ രാഷ്ട്രദീപിക
- സുകന്യ കൃഷ്ണ
- ജനുവരി 01, 2018
- 1,214
- അഭിപ്രായങ്ങൾ
ഇന്നത്തെ രാഷ്ട്രദീപിക മെട്രോ പത്രത്തിന്റെ മുൻപേജിൽ “പോലീസ് അതിക്രമം; ട്രാൻസ്‌ജെന്റേഴ്സിന്റെ മൊഴി വ്യാജം” എന്ന അരപേജ് തലക്കെട്ടിനൊപ്പം “അനാശ്യാസത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്” എന്നും ഹൈലൈറ്റ് ചെയ്ത് വാർത്ത നൽകിയിരിക്കുന്നു. ഒപ്പം സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ എന്ന പോലെ രണ്ട് ചിത്രങ്ങളും നൽകിയിരിക്കുന്നു.
ഈ വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കും മുൻപ് ചില കാര്യങ്ങൾ അക്കമിട്ട് പറയാനും ചിലത് ചോദിക്കാനും ഉണ്ട്…
1. ഈ ചിത്രങ്ങളിൽ കാണുന്നതിനെ നിങ്ങൾ അനാശ്യാസം എന്നാണോ വിളിക്കുന്നത്? തെരുവിലൂടെ നടന്നുപോകുന്നത് എന്നുമുതലാണ് അനാശ്യാസം ആയത്? മുൻപേജിൽ അരപേജ് തലക്കെട്ടോടെ വാർത്ത നൽകാനും മാത്രം രീതിയിൽ ആരാണ് ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോദിച്ച് രാഷ്ട്രദീപികക്ക് റിപ്പോർട്ട് നൽകിയത്?
2. ഒരു പുരുഷനും ട്രാൻസ്ജെന്ററും ഒരുമിച്ച് ഒരു വഴിയിലൂടെ നടക്കുന്നത് ഓറൽ സെക്സ് ചെയ്യാൻ ആണെന്ന് ആരാണ് രാഷ്ട്രദീപികയിലെ ലേഖകനെ പഠിപ്പിച്ചത്? അതോ “സദാചാര പോലീസ്” കളിക്കുകയാണോ?
3. ഇനി അഥവാ അവിടെ അനാശ്യാസം നടന്നുവെങ്കിൽ തന്നെ അവരെ മൃഗീയമായി മർദ്ദിക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? ഈ രാജ്യത്ത് പിന്നെയെന്തിനാണ് ഒരു നിയമവ്യവസ്ഥ നിലവിലുള്ളത്?
4. പോലീസ് കണ്ടെടുത്തു, എന്ന് പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ എങ്ങനെയാണ് രാഷ്ട്രദീപികക്ക് ലഭിച്ചത്? അന്വേഷണത്തിലിരിക്കുന്ന ഒരു കേസ് സംബന്ധിച്ച ഇത്തരമൊരു തെളിവ് (പോലീസ് അങ്ങനെ അവകാശപ്പെടുന്ന) ആരാണ് രാഷ്ട്രദീപികക്ക് മാത്രമായി ചോർത്തി നൽകുന്നത്? അതും മറ്റൊരു മാധ്യമത്തിനും ലഭിക്കാത്ത തെളിവുകളും വിവരങ്ങളും രേഖകളും.
5. “ട്രാൻസ്ജെന്ററുകളുടെ മൊഴി വ്യാജം” എന്ന് ഉദ്ദേശിച്ചത് എന്താണ്? അങ്ങനെയെങ്കിൽ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലാണോ DCP മെറിൻ ജോസഫ്, പോലീസിന്റെ ഭാഗത്ത് വീഴ്ച പറ്റി എന്നും എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്?
6. വകുപ്പുതല നടപടികൾ നേരിടുന്ന പൊലീസുകാരെ വെള്ളപൂശാനും കേസിനെ ദിശതിരിച്ച് വിടാനും രാഷ്ട്രദീപിക ശ്രമിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്?
ഇനി വിഷയസംബന്ധമായ മറ്റു ചില കാര്യങ്ങൾ കൂടി പറയാം. സംസ്ഥാന സാക്ഷരതാമിഷന്റെ തുടർവിദ്യാഭ്യാസ കലോത്സവത്തിന്റെ തയാറെടുപ്പുകൾ കഴിഞ്ഞു മടങ്ങുന്ന വഴിയാണ് തങ്ങളെ അനാശ്യാസം ആരോപിച്ച് പോലീസ് മർദ്ദിച്ചത് എന്നാണ് അതിക്രമത്തിന് ഇരയായവർ മൊഴി നൽകിയിട്ടുള്ളത്. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോക്ടർ. പി. എസ്. ശ്രീകല തന്നെ ഇക്കാര്യം ശരിവെക്കുകയും മർദ്ദനത്തിന് ഇരയായവരുടെ ചികിത്സാചിലവുകൾ പൂർണമായും സംസ്ഥാന സാക്ഷരതാമിഷൻ വഹിക്കുമെന്നും അറിയിച്ചിരുന്നു.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന ഇത്രയും പേർ പറഞ്ഞകാര്യങ്ങളൊക്കെ തെറ്റാണെന്ന് വാദിച്ചാണ് യാതൊരു ആധികാരികതയുമില്ലാതെ ഇത്തരമൊരു വാർത്തയും ചിത്രങ്ങളും രാഷ്ട്രദീപിക നൽകിയിരിക്കുന്നത്. പോലീസിന്റെ ബി ടീം ആയി രാഷ്ട്രദീപിക പ്രവർത്തിക്കുന്നത് ആരെയൊക്കെയോ രക്ഷിക്കാൻ വേണ്ടി തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. അന്വേഷത്തെ അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയുകയില്ല.
മാധ്യമപ്രവർത്തനത്തിന് തന്നെ കളങ്കമാണ് ഇത്തരം നാലാംകിട പത്രങ്ങളും ലേഖകരും. തെറ്റായ വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിൽ, അതിക്രമത്തിന് ഇരയായവരോടും വായനക്കാരോടും പൊതുസമൂഹത്തിനോടും നിരുപാധികം ക്ഷമാപണം നടത്തുവാൻ രാഷ്ട്രദീപിക തയാറാകണം.
സുകന്യ കൃഷ്ണ