"റോക്കി ഓർ റാണി കി പ്രേം കഹാനി" - അഭിപ്രായം

അടുത്ത കാലത്തായി രൺവീർ സിംഗിനെ ഒരു കോമാളി ആയിട്ടാണ് തോന്നിയിട്ടുള്ളത്. പ്രത്യേകിച്ച് അവാർഡ് ഷോകളും മറ്റും. ബോളിവുഡിൽ ഹിന്ദി സിനിമകളേക്കാൾ കൂടുതൽ ഇപ്പോൾ ഇറങ്ങുന്നത് തമിഴ്, തെലുങ്ക് ഒക്കെയാണ് താനും. ജവാൻ ഒരു ഉദാഹരണം.

പ്രൈമിൽ പരതുന്നതിനിടയിലാണ് “റോക്കി ഓർ റാണി കി പ്രേം കഹാനി” എന്ന സിനിമയുടെ പോസ്റ്റർ കാണുന്നത്. ഈ അടുത്ത കാലത്ത് വൈറൽ ആയ “ജൂംകാ..” പാട്ടൊക്കെ ഉള്ള സിനിമ. രൺവീർ സിംഗിന്റെ മുഖം കണ്ടപ്പോൾ “തല വെക്കണോ?” എന്ന് ആദ്യം തോന്നി. കവർ കണ്ട് പുസ്തകത്തെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലല്ലോ…

പിന്നെ കരൺ ജോഹറിന്റെ സിനിമ അത്യാവശ്യം കണ്ടിരിക്കാൻ രസമുള്ളതായിരിക്കും എന്ന തോന്നലിൽ ആ സിനിമ കാണാൻ തന്നെ തീരുമാനിച്ചു. ആദ്യ പകുതി സ്ഥിരം ബോളിവുഡ് ക്ലിഷേകൾ തന്നെ… പക്ഷേ, സെക്കൻഡ് ഹാഫിൽ സിനിമയും, രൺവീർ സിംഗും ഞെട്ടിച്ചു.

വളരെ സെൻസിറ്റിവ് ആയ പല വിഷയങ്ങളും ഇത്ര വൃത്തിയായി, സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ മനോഹരമായി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.

പൊതുവേ, നായകൻ എന്നാൽ പൗരുഷത്തിന്റെ പ്രതിരൂപം എന്ന നിലയിലാണ് ബോളിവുഡ് സിനിമകളിൽ കാണാൻ കഴിയുക. എന്നാൽ ആ കൺസപ്റ്റിനെ തന്നെ തിരുത്തി എഴുതി രൺവീർ എന്ന് പറയാം. ചില ഡയലോഗുകൾ ഒക്കെ “kind of a gem” ആയിട്ടാണ് തോന്നിയത്. അതുപോലെ ചില സീനുകളും…

ആലിയ അവതരിപ്പിക്കുന്ന റാണി എന്ന കഥാപാത്രത്തിന്റെ അച്ഛൻ ഒരു “കഥക്” ഡാൻസർ ആണ്. ജയാ ബച്ചൻ അദ്ദേഹത്തെ കൊണ്ട് ഒരു ഡാൻസ് ചെയ്യിക്കുന്നുണ്ട്. ഒരു പുരുഷ കലാകാരൻ സ്ത്രൈണ ഭാവം ഉള്ള നൃത്തം അവതരിപ്പിക്കുന്നത് ഇന്നും അംഗീകരിക്കാൻ സാധിക്കാത്ത ഒരു വലിയ സമൂഹം നമുക്ക് ചുറ്റും ഉണ്ട്. അത്തരം കലാകാരന്മാരെ കളിയാക്കാനും അവരുടെ ജൻഡറിനെയും സെക്ഷ്വാലിറ്റിയെയും അധിക്ഷേപിക്കാനും ഒക്കെ ഒരു പ്രത്യേക ഉത്സാഹം പ്രകടിപ്പിക്കുന്നവരെയും നമുക്ക് ചുറ്റും ധാരാളമായി കാണാം.

മറ്റൊരു സീനിൽ ആലിയയുടെ അമ്മയോടൊപ്പം രൺവീർ ഷോപ്പിംഗിന് പോകുന്നുണ്ട്. അവിടെ വെച്ച് ഒരു ബ്രാ ധരിച്ച് കാണിക്കേണ്ടി വരുന്നത് തന്റെ പൗരുഷത്തിന് ഏറ്റ വെല്ലുവിളിയായി നായകന് തോന്നുന്നുണ്ട്. സാനിറ്ററി നാപ്കിൻ പോലും പ്രത്യേകം പേപ്പറിൽ പൊതിഞ്ഞ് കവറിൽ ഇടുന്ന നാട്ടിൽ, ബ്രാ എന്നതും പാന്റി എന്നതും ഒക്കെ ലൈംഗിക ചിന്തയോടും മനസ്സോടും മാത്രം കാണുന്നതിനെ വിമർശിക്കുന്നുണ്ട് ഈ ചിത്രം. ബോഡി ഷെയിമിങ്ങിനെയും patriarchyയെയും ഒക്കെ കണക്കറ്റ് വിമർശിക്കുന്നുണ്ട് ഈ ചിത്രം.

ഇത്തരം കാഴ്ചപ്പാടുകൾ മാറ്റാൻ അത്ര എളുപ്പമല്ലെങ്കിലും, അതിനായുള്ള ആത്മാർത്ഥമായ ശ്രമം ഈ സിനിമയിലുണ്ട്. അതോടൊപ്പം അത് അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നും ഏതൊരു പ്രേക്ഷകനും മനസ്സിലാകുന്ന വിധം ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ വളരുന്ന ഒരു സമൂഹത്തിന്റെ പ്രതീകമായി തന്നെയാണ് രൺവീർ ഈ ചിത്രത്തിൽ ആദ്യ പകുതിയിൽ  അഭിനയിച്ചിരിക്കുന്നത്. പിന്നീടുള്ള മാറ്റം അഭിനന്ദനാർഹമാണ്.

ഇന്നത്തെ ബോളിവുഡ് നടന്മാരിൽ കാണാൻ കഴിയാത്ത ധൈര്യപൂർവ്വമായ ഒരു ശ്രമമാണ്, തീരുമാനം രൺവീർ ഈ സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചത് എന്ന് പറയണം.

സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്, “ചില പാട്ടുകൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ആകുന്നത്, അവയുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമ്മകൾ കൊണ്ട് കൂടിയാവാം…” ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ ആ വരിയിൽ ചെറിയ മാറ്റം വരുത്താം… “ചില സിനിമകൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ആകുന്നത്, അവയ്ക്ക് നമ്മുടെ ജീവിതവുമായുള്ള ബന്ധം കൊണ്ട് കൂടിയാവാം…”

എന്റെ ജീവിതവുമായി ബന്ധപ്പെടുത്താവുന്ന ഒരുപാട് സീനുകൾ സിനിമയിൽ ഉള്ളത് കൊണ്ടാകാം എനിക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നായി ഈ സിനിമ മാറിയതും…

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്