സോഷ്യൽ മീഡിയ റീച്ചും മിത്തുകളും…

സോഷ്യൽ മീഡിയ റീച്ചും മിത്തുകളും…

ധാരാളം മിത്തുകളും തെറ്റിദ്ധാരണകളും നിറഞ്ഞതാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. റിപ്പോർട്ടിംഗിൽ നിന്ന് രക്ഷപെടാൻ സ്റ്റിക്കർ ചോദിക്കുന്നത് മുതൽ ഡേറ്റ റീപ്പിംഗ് പോസ്റ്റുകളിൽ മത്സരിച്ച് പ്രതികരിക്കുന്നത് വരെ നീളുന്നു അത്.

ഇപ്പൊ പരാമർശിച്ച സ്റ്റിക്കർ പോസ്റ്റിൽ നിന്നും തുടങ്ങാം…

സ്റ്റിക്കറുകൾ കിട്ടുന്നത് കൊണ്ട് റിപ്പോർട്ടിംഗിൽ നിന്ന് രക്ഷപ്പെടുമോ?

ഒരിക്കലുമില്ല. നമ്മുടെ പ്രൊഫൈൽ മറ്റൊരാൾ റിപ്പോർട്ട് ചെയ്യുന്നത് സമൂഹമാധ്യമങ്ങൾ വഴി നമുക്ക് അറിയാൻ സംവിധാനങ്ങൾ ഒന്നും നിലവിലില്ല. പിന്നെ ആ റിപ്പോർട്ടിന്റെ മുകളിൽ എന്തെങ്കിലും ഒരു നടപടി നമുക്കെതിരെ എടുത്താൽ ചിലപ്പോഴൊക്കെ അതറിയാൻ സാധിക്കും.

പ്രൊഫൈൽ റെസ്ട്രിക്ട് ആകുന്നതും താത്കാലിക വിലക്കും ഒക്കെ നമുക്ക് ലഭിച്ചാൽ മാത്രമാണ് ഇതൊക്കെ മനസ്സിലാക്കാൻ കഴിയുക. അല്ലെങ്കിൽ നമ്മുടെ പ്രൊഫൈൽ റിപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ആഹ്വാനം ചെയ്യുന്ന വിവരം മറ്റെന്തെങ്കിലും മാർഗത്തിൽ നാം അറിയണം.

ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ നമുക്കെതിരെ ഒരു നടപടി സ്വീകരിക്കുന്നത് നമ്മുടെ റീച്ച് നോക്കിയോ ഫോളോവെഴ്സിന്റെ എണ്ണം നോക്കിയോ ഒന്നുമായിരിക്കില്ല. തികച്ചും ആ റിപ്പോർട്ടിന് ആധാരമായ നമ്മുടെ പ്രവർത്തി നോക്കി മാത്രമായിരിക്കും. അവിടെ നമുക്ക് സ്റ്റിക്കർ കിട്ടിയിട്ട് യാതൊരു കാര്യവുമില്ല.

അപ്പൊ പിന്നെ സ്റ്റിക്കർ ചോദിക്കുന്ന പോസ്റ്റുകളിൽ എങ്ങനെയാണ് പതിവിലും കൂടുതൽ സമ്പർക്കം നടക്കുന്നത്?

അതറിയണമെങ്കിൽ ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ എങ്ങനെയാണ് ഒരു പോസ്റ്റിന്റെ റീച്ച് തീരുമാനിക്കുന്നത് എന്ന് മനസ്സിലാക്കണം. അതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ തുടർന്ന് വായിക്കാം…

ഒരു പോസ്റ്റിന്റെ റീച്ച് തീരുമാനിക്കുന്നത് ധാരാളം ഘടകങ്ങൾ ചേർന്നാണ്. ആ ഘടകങ്ങളെ പ്രോസസ് ചെയ്യാൻ ഒരു അൽഗോരിതവും അതിന്റെ തീരുമാനത്തെ സാധൂകരിക്കാൻ AI സംവിധാനങ്ങളും ഉണ്ട്. ഇതെല്ലം പ്രവർത്തിച്ച് കൂട്ടായി എടുക്കുന്ന തീരുമാനം ആണ് ഒരു പോസ്റ്റിന്റെ റീച്ച്.

അതിൽ ഒരു പ്രധാന ഘടകമാണ് പോസ്റ്റിന്റെ മൂഡ് / സ്വാഭാവം. നമ്മൾ ഒരു പോസ്റ്റ് ഇടുമ്പോൾ അതിലെ വാക്കുകൾ അപഗ്രഥിച്ച് ആ പോസ്റ്റിന്റെ ഒരു മൂഡ് കണ്ടെത്താൻ ഉള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അതിൽ സന്തോഷം നൽകുന്ന, അഭിനന്ദിക്കാൻ തോന്നുന്ന, റിലാക്സ് മൂഡിൽ ഉള്ള, പ്രതികരിക്കാൻ തോന്നിക്കുന്ന, കമന്റ് ചെയ്യാൻ തോന്നിക്കുന്ന പോസ്റ്റുകൾ ഒക്കെ ഈ ഘടകത്തെ പോസിറ്റിവ് ആക്കുന്നു.

അതുപോലെ തന്നെ സങ്കടം വരുത്തുന്ന, സ്വയം ഹാനി വരുത്താൻ സാധ്യത ഉള്ള, തെറി വാക്കുകൾ ഉള്ള, വയലൻസ് ഉള്ള, വെറുപ്പ് പരത്തുന്ന, രക്തത്തിന്റെ സാന്നിധ്യം ഉള്ള  പോസ്റ്റ് ആണെങ്കിൽ അത് സ്വാഭാവികമായും നെഗറ്റിവ് ആകും.

ആദ്യ പ്രതികരണങ്ങൾ പോസ്റ്റിനെ ബാധിക്കുമോ?

ഒരു പരിധിവരെ ബാധിക്കും. നമ്മൾ എന്ത് പോസ്റ്റ് ചെയ്താലും അതിനൊരു സ്വാഭാവിക റീച്ച് ഉണ്ടാകും. (ഇനാക്ടീവ് പ്രൊഫൈലുകൾക്ക് അത്തരമൊരു റീച്ച് ഉണ്ടാകണമെന്നില്ല) ആ റീച്ച് അനുസരിച്ച് കുറച്ച് പേർ ആ പോസ്റ്റ് കാണും. അവരുടെ പ്രതികരണം പോസ്റ്റിനെ സംബന്ധിച്ച് നിർണായകമാണ്. അവർ ആ പോസ്റ്റിന് ലൈക്ക്, ലവ്, കെയർ റിയാക്ഷൻ തരികയോ അഭിപ്രായം എഴുതുകയോ ഒക്കെ ചെയ്‌താൽ അത് ഗുണം ചെയ്യും.

അതുപോലെ സങ്കടം, ദേഷ്യം ഒക്കെയാണ് പ്രതികരണം എങ്കിലോ കണ്ടിട്ട് പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചാലോ ഒക്കെ അത് പോസ്റ്റിനെ പ്രതികൂലമായി ബാധിക്കും.

പിക്ച്ചർ / ഫോട്ടോ പോസ്റ്റുകളിലും ഇതുപോലെ ധാരാളം ഘടകങ്ങൾ ഉണ്ട്. നമ്മൾ ഇടുന്ന ഫോട്ടോകളിൽ എഴുത്തുകൾ ഉണ്ടെങ്കിൽ അത് പോസ്റ്റിനെ ബാധിക്കും. എഴുത്തുകൾ കൂടുന്നത് അനുസരിച്ച് പോസ്റ്റിന്റെ റീച്ച് കുറയും. മറ്റൊരു പ്രധാന ഘടകമാണ് ഫോട്ടോയിലെ ആർട്ടിഫിഷ്യാലിറ്റി. AI സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഫോട്ടോകൾക്കും വിഡിയോയോകൾക്കും സ്വാഭാവികമായും റീച്ച് കുറയും.

മറ്റൊന്ന് ചിത്രങ്ങളുടെ റെസലൂഷ്യൻ ആണ്. റെസലൂഷ്യൻ കുറഞ്ഞ ചിത്രങ്ങളെയും പ്രതികൂലമായി ബാധിക്കാം. അതുപോലെ കുട്ടികൾ, സെലിബ്രിറ്റികൾ, വയലൻസ്, രക്തത്തിന്റെ സാന്നിധ്യം, ചിത്രങ്ങളുടെ സാച്ചുറേഷൻ ഒക്കെ പോസ്റ്റിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

ഈ ഫാക്റ്ററുകൾ ഒക്കെയാണ് കല്യാണ പോസ്റ്റുകളെയും, കുട്ടികളുടെ ജനന പോസ്റ്റുകളെയും, സ്റ്റിക്കർ പോസ്റ്റുകളെയും ഒക്കെ വലിയ റീച്ച് ഉള്ള പോസ്റ്റുകൾ ആക്കുന്നത്.

അതുപോലെ, ലിങ്കുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഫേസ്ബുക്കിന്റെ പുറത്തുള്ള ലിങ്കുകൾക്ക് തീരെ റീച്ച് ഉണ്ടാകില്ല. എക്സ്ട്രീം ലോയൽ ആയ കുറച്ച് പേർക്ക് മാത്രമായിരിക്കും ആ പോസ്റ്റ് സജസ്റ്റ് ചെയ്യപ്പെടുക. ഫേസ്ബുക്കിന് ഉള്ളിൽ നിന്നുള്ള ലിങ്കുകൾക്കും റീച്ച് തീരുമാനിക്കുന്ന ഘടകങ്ങൾ പലതുണ്ട്. ഒരു പോസ്റ്റിന്റെ എല്ലാ റീച്ച് ഘടകങ്ങളും ആ ലിങ്കിന്റെ ഓണർ അക്കൗണ്ടിന്റെ റീച്ചുകളുമായും താരതമ്യം ചെയ്യപ്പെടും.

നമ്മുടെ ഒരു സൈറ്റിന്റെ ലിങ്ക് ആണ് ഷെയർ ചെയ്യുന്നതെങ്കിൽ ഒരേ പേജിൽ തന്നെ ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ ആ പേജിൽ സൈറ്റിന്റെ ഡൊമൈൻ വെരിഫൈ ചെയ്തിട്ടുണ്ട് എന്നും ഉറപ്പ് വരുത്തുക.

ഒരു പോസ്റ്റിന്റെ റീച്ച് മറ്റൊരു പോസ്റ്റിന് അനുകൂലം ആകുമോ?

സാധ്യതകൾ വളരെ കുറവാണ്. ആദ്യകാലത്ത് ഒരു പോസ്റ്റിന്റെ റീച്ച് തുടരെ ഉള്ള പോസ്റ്റുകൾക്ക് അനുകൂലമായ ഘടകം ആയിരുന്നു. ഇപ്പോൾ ഓരോ പോസ്റ്റും അതിന്റേതായ നിലകളിലാണ് റാങ്ക് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അവ മറ്റു പോസ്റ്റുകളെ സ്വാധീനിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഒരു പോസ്റ്റ് മൂലം പ്രൊഫൈലിനോ പേജിനോ ഉണ്ടാക്കുന്ന റീച്ച് അടുത്ത പോസ്റ്റുകൾക്ക് അനുകൂലം ആണ്.

ഉദാഹരണത്തിന്, നമ്മുടെ ഒരു പോസ്റ്റ് മൂലം ഒരാൾ നമ്മെ ഫോളോ ചെയ്താലോ പേജ് ഫോളോ ചെയ്താലോ ഒക്കെ അത് പ്രൊഫൈലിന്റെയോ പേജിന്റെയോ റീച്ചിനെ ആണ് ഉയർത്തുന്നത് എന്നതിനാൽ അടുത്ത പോസ്റ്റുകൾ ആ വ്യക്തിക്ക് സജസ്റ്റ് ആകും. അതിലും ആ വ്യക്തി പോസിറ്റീവ് ആയി പ്രതികരിച്ചാൽ പതിയെ ഒരു ലോയലിറ്റി രൂപപ്പെടും.

എന്താണ് ലോയലിറ്റി?

പണ്ടത്തെ പോലെ ലൈക്കിന്റെ എണ്ണത്തിനോ ഫ്രണ്ട്സിന്റെ എണ്ണത്തിനോ ഫോളോവേഴ്‌സിന്റെ എണ്ണത്തിനോ ഒന്നും ഇപ്പൊ ‘വലിയ’ പ്രസക്തി ഇല്ല. നമ്മൾ ഒരു പേജ് ഫേവറൈറ്റ് ആക്കിയാലോ അല്ലങ്കിൽ അതിൽ കൂടുതൽ engage ചെയ്യുന്നെങ്കിലോ ഒക്കെ ആ പേജ് അല്ലെങ്കിൽ പ്രൊഫൈലുമായുള്ള നമ്മുടെ ലോയലിറ്റി വർധിപ്പിക്കും. അത്തരം പേജുകളിൽ / പ്രൊഫൈലുകളിൽ നിന്നുള്ള പോസ്റ്റുകൾ നമുക്ക് കൂടുതലായി സജസ്റ്റ് ചെയ്യും.

ഒരു പോസ്റ്റ് എഴുതുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • പോസ്റ്റിൽ ശ്രദ്ധിക്കേണ്ട വാക്കുകൾ:
    ഒരു പോസ്റ്റ് എഴുതുമ്പോൾ നെഗറ്റിവ് വാക്കുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഫ്‌ളാഗ് ചെയ്യപ്പെടുന്ന വാക്കുകൾ പൂർണമായും ഒഴിവാക്കുക. ഭാഷ മിതപ്പെടുത്തി എഴുതുന്നത് നന്നാകും.
  • ഹാഷ്ടാഗുകൾ ഉപയോഗിക്കുമ്പോൾ:
    ഹാഷ്ടാഗുകൾക്ക് അവയുടേതായ റീച്ച് ഫാക്റ്ററുകൾ ഉണ്ട്. ഒരുപാട് പേർ ഉപയോഗിക്കുന്ന ഒരു ഹാഷ്ടാഗ് നമ്മുടെ പോസ്റ്റിന് റീച്ച് നേടി തരണമെന്നില്ല. ഒരുപാട് പേർ ഒരുമിച്ച് ഒരു ചെറിയ കുളത്തിൽ ചൂണ്ട ഇടുന്നപോലെയാണ് ഹാഷ്ടാഗുകളുടെ ഉപയോഗം.
  • ഒരേപോലെയുള്ള പോസ്റ്റുകൾ:
    ഒരാളുടെ പ്രൊഫൈലിൽ നിന്നും നമ്മൾ കോപ്പി ചെയ്ത് നമ്മുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുമ്പോൾ അതൊരു ഡ്യൂപ്ലിക്കേറ്റ് പോസ്റ്റായി അൽഗോരിതം കണ്ടെത്തും. കണ്ടന്റ് പ്ളേഗരിസം ആയി അവ രേഖപ്പെടുത്താൻ ഉള്ള സാധ്യതകളും ഉണ്ട്.
  • പോസ്റ്റ് കമ്പോസ് ചെയ്യുമ്പോൾ:
    • പോസ്റ്റിനുള്ളിൽ മറ്റൊരാളെ ടാഗ് ചെയ്യുമ്പോഴോ പോസ്റ്റിൽ ഒരു ലിങ്ക് ഉൾപ്പെടുത്തുമ്പോഴോ അത് പോസ്റ്റിനെ പ്രതികൂലമായി ബാധിക്കും.
    • പോസ്റ്റുകൾ ഒറ്റ പാരഗ്രാഫ് ആയി വലിച്ച് നീട്ടി എഴുതാതെ എളുപ്പം വായിക്കാൻ കഴിയുന്ന ചെറിയ ചെറിയ പാരഗ്രാഫ് ആയി കമ്പോസ് ചെയ്യുക. അത് കൂടുതൽ പോസിറ്റീവ് യൂസർ എക്സ്പീരിയൻസ് ഉണ്ടാക്കി എടുക്കാൻ സഹായിക്കും.

എൻറ്റിറ്റികൾ

പ്രൊഫൈൽ, പേജ്, ഗ്രൂപ്പ്, വീഡിയോ, ഫോട്ടോ, ലിങ്ക്, ലൈവ്, റീൽസ്, ഹാഷ്ടാഗ്, കമന്റുകൾ, ലൈഫ് ഇവന്റുകൾ, മാർക്കറ്റ് പ്ലെയ്സ് ഒക്കെ സെപ്പറേറ്റ് എൻറ്റിറ്റികളാണ്. ഇവ ഓരോന്നും സംയോജിപ്പിച്ച് ഒരു പോസ്റ്റ് ഉണ്ടാകുമ്പോൾ എല്ലാ ഫാക്റ്ററുകളുടെയും റീച്ച് പോസ്റ്റിനെ ബാധിക്കും. അതുപോലെ തന്നെ ഓരോ ഫാക്ടറിന്റെയും സ്കോർ അപഗ്രഥിച്ച് അവസാനം അൽഗോരിതം കണ്ടെത്തുന്ന സ്‌കോർ ആയിരിക്കും ആ പോസ്റ്റിന്റെ ഭാവി.

നിലവിൽ നിങ്ങളെ സഹായിക്കുന്ന ഫാക്റ്ററുകൾ കണ്ടെത്താൻ ശ്രമിക്കുക:

നിങ്ങളുടെ പോസ്റ്റുകൾക്ക് നിലവിൽ ഏതൊക്കെ ഫാക്റ്ററുകൾക്ക് ആണ് കൂടുതൽ റീച്ച് എന്ന് കണ്ടെത്തുക. ഉദാഹരണത്തിന്, ചിലർക്ക് ഫോട്ടോകൾ ഇടുമ്പോൾ ആയിരിക്കും കൂടുതൽ റീച്ച്, ചിലർക്ക് അത് വീഡിയോകൾക്ക് ആകും, ചിലർക്ക് അത് എഴുത്ത് മാത്രം ഉള്ള പോസ്റ്റുകൾക്ക് ആകും, ചിലർക്ക് അത് റീൽസ് ആയിരിക്കാം.

മറ്റ് ചില പ്രധാന കാര്യങ്ങൾ:

  • ഏത് ഭാഷയിലാണ് നിങ്ങൾക്ക് കൂടുതൽ റീച്ച് എന്ന് കണ്ടെത്തുക. ആ ഭാഷയിൽ തന്നെ തുടരാൻ ശ്രമിക്കുക.
  • ഏത് സമയത്താണ് നിങ്ങൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നത് എന്ന് ശ്രദ്ധിക്കുക, ആ സമയത്ത് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.
  • ഏത് വിഷയത്തിനാണ് കൂടുതൽ റീച്ച് എന്ന് ശ്രദ്ധിക്കുക. ആ വിഷയത്തിൽ തന്നെ കൂടുതലായി പോസ്റ്റുകൾ എഴുതാൻ ശ്രദ്ധിക്കുക.
  • നിങ്ങളുടെ ഓഡിയൻസിനെ ലോയൽ ആക്കുവാൻ ശ്രമിക്കുക. അവരുടെ അഭിപ്രായങ്ങൾ മാനിക്കുക.
  • ഒരു പോസ്റ്റ് പബ്ലിഷ് ചെയ്ത്, ആ പോസ്റ്റിന് ഒരു ബ്രീതിംഗ് സ്‌പെയ്‌സ് കൊടുക്കുക. ഒരു മിനിമം ടൈം ഗ്യാപ്പ് പോസ്റ്റുകൾ തമ്മിൽ പാലിക്കുക.
  • ഒന്നിന് പിറകെ ഒന്നായി തുടരെ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈലൈറ്റ് പോസ്റ്റ്:

ഇപ്പോൾ ഒരു ഹൈലൈറ്റ് പോസ്റ്റ് മിക്കവരും ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. നിങ്ങളുടെ പ്രൊഫൈൽ ആരൊക്കെ കാണുന്നു എന്ന് കണ്ടെത്താം എന്നൊക്കെ പറഞ്ഞാണ് ആ പോസ്റ്റ് കറങ്ങുന്നത്.

എന്നാൽ അത്തരം ഒരു സംവിധാനം നിലവിലില്ല. നമ്മുടെ പ്രൊഫൈൽ ആരൊക്കെ കണ്ടു എന്ന് കണ്ടെത്താൻ സാധിക്കില്ല. അത്തരം വിവരങ്ങൾ ഒരു തരത്തിലും ഫേസ്ബുക്ക് പുറത്തുവിടുന്നില്ല. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന് ആ വിവരങ്ങൾ അറിയാൻ കഴിയില്ല.

ആ പോസ്റ്റിൽ പറയുന്ന മറ്റൊരു കാര്യം ഹൈലൈറ്റ് എന്നത് നീല നിറത്തിൽ കണ്ടാൽ നിങ്ങളെ ആളുകൾ പിന്തുടരുന്നു എന്നാണ്. അതിന്റെ സത്യാവസ്ഥ എന്തെന്നാൽ, ഒരാൾക്ക് ഒരാഴ്ചയിൽ ഒരു തവണ മാത്രമാണ് ഹൈലൈറ്റ് സേവനം ഉപയോഗിക്കാൻ കഴിയുക. ആ ഒരു തവണത്തെ ഉപയോഗത്തിൽ അത് ക്ലിക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ലിങ്ക് ആയിരിക്കും.

അവിടെ ക്ലിക്ക് ചെയ്‌താൽ ആ ഹൈലൈറ്റ് സേവനം ഉപയോഗിച്ച ആളിന്റെ ഫോളോവെഴ്സിനെ കാണുന്ന പേജിൽ എത്തും. ഒരേ ആഴ്ച രണ്ട് തവണ ഈ സേവനം ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ആവർത്തനങ്ങളിൽ അവിടെ ക്ലിക്ക് ചെയ്യാൻ കഴിയാത്ത ഒരു വാക്കായിരിക്കും. അതാണ് ഈ നിറവ്യത്യാസം ഉണ്ടാക്കുന്നത്.

ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന ആളുകൾ കരുതുന്നത്, ഇത് അവരുടെ റീച്ച് കൂട്ടും എന്നാകും. എന്നാൽ നേരെ തിരിച്ചായിരിക്കും ഫലം.

നിങ്ങൾ പോയി ഹൈലൈറ്റ് എന്ന് മറുപടി ഇട്ടാൽ ആ ആഴ്ച നിങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കേണ്ടുന്ന ഒരു അവസരം നഷ്ടമാകും. നിങ്ങളുടെ അടുത്ത സുഹൃത്തുകൾക്കും ഫോളോവെഴ്സിനും നിങ്ങളുടെ സജഷൻ എത്തുമ്പോൾ അവർ നിങ്ങളുടെ അറിവില്ലായ്മ മനസ്സിലാക്കുകയും ചെയ്യും. അത് നിങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചേക്കാം.

ഈ ഹൈലൈറ്റ് സേവനം പോലെ തന്നെ ഫോള്ളോവെർസ് ഓപ്‌ഷനും everyone ഓപ്‌ഷനും കൂടി ഫേസ്ബുക്ക് നൽകുന്നുണ്ട്. അവയും ഫലപ്രദമായി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ഡേറ്റ റീപ്പിംഗ് പോസ്റ്റുകൾ:

നിരുപദ്രവകാരികൾ എന്ന് തോന്നിക്കുന്ന പല പോസ്റ്റുകളും ആട്ടിൻ തോലിട്ട ചെന്നായയും ആകാം. മുൻപൊരിക്കൽ ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ചില കാര്യങ്ങൾ ഈ പോസ്റ്റിലും ഒരിക്കൽ കൂടി ആവർത്തിക്കാം.

നിങ്ങൾ ജനിച്ച വർഷത്തിന്റെ പേരോ, മാസത്തിന്റെ പേരോ, പഠിച്ച സ്കൂളിന്റെ പേരോ, വണ്ടിയുടെ നമ്പറോ, വളർത്തുമൃഗത്തിന്റെ പേരോ ഒക്കെ ചോദിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ധാരാളമായി സമൂഹമാധ്യമങ്ങളിൽ ഉണ്ട്. നിങ്ങളുടെ വിവരങ്ങൾ മാപ്പ് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ലഭിക്കുന്ന ബമ്പർ ആണ് ഇത്തരം പോസ്റ്റുകൾ.

പലപ്പോഴും നിങ്ങളുടെ പാസ്സ് വേർഡുകളോ അല്ലെങ്കിൽ അവ റീസെറ്റ് ചെയ്യാനോ ഒക്കെ ആവശ്യമായ വിവരങ്ങളാണിവ എന്നത് പലരും മറന്ന് പോകും.

“എന്റെയൊക്കെ വിവരങ്ങൾ ആരാണ് കണ്ടെത്താൻ ശ്രമിക്കുക?” എന്ന അപക്വമായ മറുചോദ്യവും പലരും ചോദിക്കാറുണ്ട്. എന്നിട്ട്... “എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ആരോ പ്രൊഫൈൽ തുടങ്ങി, അവർ നിങ്ങളോട് കാശ് ചോദിച്ചാൽ കൊടുക്കരുത് ” എന്നൊക്കെ അവർക്ക് തന്നെ പോസ്റ്റ് ചെയ്യേണ്ടിയും വരും.

ഇത്തരം ചോദ്യം ചോദിക്കുന്നവർ മനസ്സിലാക്കാത്ത ഒരു കാര്യം, ആളുകളുടെ മുഖവും സാമ്പത്തിക സ്ഥിതിയും ഒന്നും അറിഞ്ഞല്ല ഇപ്പോൾ വിവരങ്ങൾ ചോർത്തുന്നതും അത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവ നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും.

ഇത്തരം പോസ്റ്റുകൾ പൊതുവേ പബ്ലിക്ക് ഗ്രൂപ്പുകളിലാണ് വരിക എന്നത് ഇവയെ കൂടുതൽ അപകടകാരികൾ ആക്കുന്നു. ഇവയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ വിവരങ്ങൾ പൗൺ ആയിട്ടുണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ വിവരങ്ങൾ മാപ്പ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.

എന്ത് ഡേറ്റയും ഇന്നത്തെ ലോകത്ത് കാശാക്കാൻ കഴിയും എന്ന് ഓർക്കുക.

ബൂസ്റ്റ് ചെയ്യുമ്പോൾ:

കൂടുതൽ റീച്ച് ലഭിക്കാൻ പലരും പോസ്റ്റുകൾ ബൂസ്റ്റ് ചെയ്യാറുണ്ട്. ആ പോസ്റ്റിന് കൂടുതൽ റീച്ച് ലഭിക്കാൻ ബൂസ്റ്റിംഗ് സഹായിക്കും. എന്നാൽ മറ്റു പോസ്റ്റുകൾക്ക് ആ ബൂസ്റ്റ് സഹായകം ആകാറില്ല. പേജ് ബൂസ്റ്റ് ചെയ്യുമ്പോഴും സമാനമാണ് ഫലം, പേജിന് കൂടുതൽ ലൈക്കോ ഫോള്ളോവെർസോ ഒക്കെ ലഭിക്കും, ചിലപ്പോഴൊക്കെ ആദ്യം കാണുന്ന പോസ്റ്റിനും അത് ഗുണം ചെയ്യും എന്നല്ലാതെ പേജിന്റെ റീച്ച് കൂടുന്നില്ല. അതിന്റെ കാരണം മുകളിൽ വിശദമാക്കിയത് തന്നെ.

ഒരുതവണ ബൂസ്റ്റ് ചെയ്‌താൽ, നമുക്ക് സ്‌പെൻഡിംഗ് കപ്പാസിറ്റി ഉണ്ടെന്ന് മനസ്സിലാക്കാൻ സമൂഹമാധ്യമങ്ങളെ അത് സഹായിക്കും. ആ മനസ്സിലാക്കൽ കൂടുതൽ പരസ്യങ്ങൾ കാണാനും, കൂടുതൽ പോസ്റ്റുകൾ ബൂസ്റ്റ് ചെയ്യാൻ പ്രേരിപ്പിപ്പിക്കുന്ന രീതിയിലേക്കും മാറും. കാശ് ഉണ്ടെന്ന് അവർ മനസ്സിലാക്കിയാൽ അത് നേടാൻ ഉള്ള മാർഗ്ഗങ്ങൾ നോക്കുക എന്ന സിംപിൾ ലോജിക് അവർ ഉപയോഗിക്കും.

സ്ഥിരമായി റെസ്ട്രിക്ഷൻ:

പല സുഹൃത്തുക്കളും നിരന്തരം പറഞ്ഞ് കേൾക്കുന്ന ഒരു വിഷയമാണ് സ്ഥിരമായി ഒന്നിന് പിറകേ ഒന്നായി റെസ്ട്രിക്ഷൻ ലഭിക്കുന്നു എന്ന അവസ്ഥ. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം… ഒന്ന് സിസ്റ്റം നമ്മളെ നോട്ടപ്പുള്ളി ആക്കി വെക്കുന്നത് മൂലം, അടുത്തത് ചില തത്പര കക്ഷികൾ നമ്മളെ നോട്ടപ്പുള്ളി ആക്കി വെക്കുന്നത് മൂലം.

സിസ്റ്റം അതായത് സമൂഹ മാധ്യമം ആണ് നമ്മളെ നോട്ടപ്പുള്ളി ആക്കി വെക്കുന്നത് എങ്കിൽ ‘നല്ല നടപ്പ്  ’പിന്തുടരുക. നിലവിലെ റെസ്ട്രിക്ഷൻ കഴിയും വരെ ഒരു ലോ പ്രൊഫൈൽ കീപ്പ് ചെയ്യുക. പോസിറ്റിവ് പോസ്റ്റുകൾ ചെയ്യുക. നല്ലവനായ ഉണ്ണി ആയി മാറുക.

ഫാക്ട് ചെക്ക് പരാജയപ്പെടുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും, റിപ്പോർട്ടിംഗിൽ നമുക്ക് എതിരായ നടപടി ഉണ്ടാകുന്നതും, കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസിന് നിരക്കാത്ത എന്തും ഏതും ഒക്കെ സിസ്റ്റം നമ്മളെ നോട്ടപ്പുള്ളി ആക്കുന്നതിന് കാരണമാകും. അതുപോലെ, എന്നും നമ്മളെ മാത്രം നോക്കിയിരിക്കാൻ കഴിയില്ല എന്നത് കൊണ്ട് പതിയെ നമ്മെ വിട്ട് പോകും.

പക്ഷേ, രണ്ടാമത്തെ കാരണം ആണെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. അത് ചില തത്പര കക്ഷികളുടെ കുത്സിത പ്രവർത്തി ആണെന്നതാണ് കാരണം.

അവിടെ ചെയ്യേണ്ട ആദ്യ കാര്യം ഇതുവരെ ഉള്ള പോസ്റ്റുകൾ ഫ്രണ്ട്സ് ഒൺലി ആക്കുക. പോസിറ്റിവ് ആയ പഴയ പോസ്റ്റുകൾ പബ്ലിക്ക് ആക്കി വെക്കാം, തെറ്റില്ല. പിന്നെ, പ്രകോപനപരമായ പോസ്റ്റുകൾ ഫ്രണ്ട്സ് ഒൺലി ആയി പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

കമന്റ് ബോക്സ് ഫ്രണ്ട്സ് ഒൺലി ആക്കുക. ഷെയറിംഗ് ഓപ്‌ഷൻ ഓഫ് ചെയ്യാൻ സാധിക്കുന്നവർ അത് ഓഫ് ചെയ്യുക.

ഇതൊക്കെ ചെയ്യും മുന്നേ, ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള കറുത്ത ആടുകളെ കണ്ടെത്തി നീക്കം ചെയ്യുക. അല്ലെങ്കിൽ കുടം കമഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്ന ഫലമായിരിക്കും.

ഇവന്മാർ വന്ന് നമ്മെ പ്രകോപിപ്പിക്കും. ഉദാഹരണത്തിന്, പേടിച്ച് കമന്റ് ബോക്സ് പൂട്ടി വെച്ചു. ഫ്രണ്ട്സ് ഒൺലി പോസ്റ്റ് ഇടുന്നു എന്നൊക്കെ നിലവിളിക്കും. ആരാണ് ഇങ്ങനെ നിലവിളിക്കുന്നത്? മേലേടത്ത് ഇല്ലത്ത് വാമനൻ നമ്പൂതിരി, ഇരുട്ടത്ത് ലൈറ്റ് അടിച്ചവൻ എന്നൊക്കെ ഉള്ള തത്പര പ്രൊഫൈലുകൾ ആയിരിക്കും.

മുഖം ഇല്ലാത്ത ഇവരോട് ജയിച്ചിട്ട് എന്ത് നേടാനാണെന്ന് ഓർക്കുക. പ്രകോപനത്തിൽ വീഴാതിരിക്കുക.

റെസ്ട്രിക്ഷൻ പിരീഡ് തീർന്ന് ഒരു രണ്ടാഴ്ച കൂടി ഇത് തുടരുക. എന്നിട്ട് വീണ്ടും പബ്ലിക്ക് ആയി എഴുതുക. ചെറിയ ഡോസിൽ നിന്ന് വലിയ ഡോസിലേക്ക് എഴുതി നിരീക്ഷിക്കുക.

ഫേസ്ബുക്ക് അഡ്മിൻ ടീമിൽ വരെ മലയാളി സുഡാപ്പികൾ ഉണ്ടെന്ന്, റൈറ്റ് വിംഗ് പ്രൊഫൈലുകൾ ഓർക്കുക. അവർക്ക് നമുക്കെതിരെ നടപടി എടുക്കാൻ ഒരു കാരണം മാത്രം മതി. അവരുടെ ആളുകൾക്ക് എതിരെ കണ്ണടയ്ക്കാനും അവർക്ക് അറിയാം. അതുകൊണ്ട്, നമുക്ക് നഷ്ടം വരുത്തുക എന്നത് മാത്രമായിരിക്കും ഇത്തരം അഡ്മിൻസ് ചിന്തിക്കുക.

ഇവന്മാർ തന്നെ ആകും നമ്മുടെ ഫോളോ അപ്പ് നടത്തുന്നതും. കള്ളന്റെ കയ്യിൽ തന്നെയാണ് സുക്കർ താക്കോൽ കൊടുത്തിട്ടുള്ളത്.

ഫേസ്ബുക്ക് പോലെ തോന്നിക്കുന്ന പേജുകൾ:

അത്യാവശ്യം റീച്ച് ഉള്ള പേജുകൾ മിക്കപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. നിങ്ങളുടെ പേജ് നീക്കം ചെയ്യാൻ പോകുന്നു എന്നും പറഞ്ഞോ, വെരിഫൈഡ് പേജുകൾ ആണെങ്കിൽ വെരിഫിക്കേഷൻ പോകാൻ പോകുന്നു എന്നൊക്കെ പറഞ്ഞോ മെസ്സേജുകൾ അല്ലെങ്കിൽ ടാഗുകൾ വരും.

ഇവരുടെ സന്ദേശത്തിൽ നടപടികളിൽ നിന്ന് രക്ഷപെടാൻ വേണ്ടി ക്ലിക്ക് ചെയ്യേണ്ട ലിങ്ക് ഒക്കെ ഉണ്ടാകും. അതിൽ എങ്ങാനും ക്ലിക്ക് ചെയ്ത് തുടർന്നാൽ പേജ് മാത്രമല്ല അക്കൗണ്ട് അടക്കം പോയി കിട്ടും.

ഇത്തരം സന്ദേശങ്ങൾ വന്നാൽ അവഗണിക്കുക.

ഫേസ്ബുക്ക് ഒരിക്കലും ഒരു പോസ്റ്റിലൂടെയോ കമന്റിലൂടെയോ നിങ്ങൾക്കെതിരെ നടപടി എടുക്കാൻ പോകുന്നു എന്ന് അറിയിക്കില്ല. ശരിക്കും പറഞ്ഞാൽ നടപടി എടുത്ത് കഴിഞ്ഞാൽ പോലും പലപ്പോഴും നമ്മൾ അറിയില്ല.

അഥവാ നമ്മളുടെ ശ്രദ്ധ ആവശ്യം ഉള്ള വിഷയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ഇൻഫോ നോട്ടിഫിക്കേഷൻ ആയോ, അല്ലെങ്കിൽ നമ്മളെ ലോഗൗട്ട് ചെയ്യിച്ച് വീണ്ടും ലോഗിൻ ചെയ്യുമ്പോൾ റോഡ് ബ്ലോക്ക് ആയോ ഒക്കെയാണ് ആവശ്യമായ കാര്യങ്ങൾ ചെയ്യിക്കുക.

ഇപ്പോൾ തന്നെ ഈ പോസ്റ്റിന്  സാധാരണയിലും കൂടുതൽ നീളം ആയിട്ടുണ്ട്. ഇനിയും കൂടുതൽ എഴുതിയാൽ പലരും വായിക്കാൻ തന്നെ ബുദ്ധിമുട്ടിയേക്കാം. എല്ലാ കാര്യങ്ങളും ഒരു പോസ്റ്റിൽ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാൽ അടുത്തൊരു ഭാഗം കൂടി ഈ പോസ്റ്റിന് ഉണ്ടാകും.

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്