കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം

കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം

കുറേ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് ഇന്നൊരു സിനിമയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുവരെ എന്നോടൊപ്പം പുറത്ത് പോകാന്‍ എന്റെ കുടുംബം മടിച്ചിരുന്നു. കാരണം ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. എന്നോടൊപ്പം പുറത്തിറങ്ങുന്നത് അവര്‍ക്കൊക്കെ പരിഹാസം മാത്രമാണ് നേടിക്കൊടുത്തത്. ഇപ്പോഴവര്‍ എന്നെ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. അതാണ് 'ഭാഗ്യം ലഭിച്ചു' എന്ന് ആദ്യ വരിയില്‍ ഞാന്‍ പറഞ്ഞത്. പക്ഷേ ആ ഭാഗ്യം ഒരു നിര്‍ഭാഗ്യമായി പരിണമിച്ചത് വളരെ പെട്ടെന്നായിരുന്നു.

മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശമായ 'കസബ' എന്ന സിനിമയെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത്. മമ്മൂട്ടി എന്ന നടനില്‍ ഉണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും കാരണമാണ് ഈ സിനിമ തിരഞ്ഞെടുത്തത്. എന്നാല്‍, കുടുംബസമേതം ഒരിക്കലും പോകാന്‍ പാടില്ലാത്ത ചിത്രമാണ് കസബയെന്ന് മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി. ആഭാസ സംഭാഷണങ്ങളുടെ ഒരു നീണ്ട നിര തന്നെയുള്ള ചിത്രത്തിലെ ഒരു സീനില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി പ്രത്യക്ഷപ്പെടുന്നുണ്ട്. 

നായകനെ കാണുമ്പോള്‍ തന്നെ ലൈംഗികവികാരം പ്രകടമാക്കുന്ന അയാള്‍ ഒരു രീതിയിലും ഈ സിനിമയ്ക്ക് ആവശ്യമായ കഥാപാത്രമേ അല്ല. എന്നിരുന്നാലും എന്തുകൊണ്ടാണ് അങ്ങനെയൊരാള്‍ സിനിമയില്‍ എത്തിയതെന്ന് സംവിധായകനോട് തന്നെ ചോദിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഒന്നടങ്കം കരിവാരി തേക്കുന്ന നിലയിലാണ് അയാള്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ചിത്രത്തില്‍ ഈ രംഗം നടക്കുമ്പോള്‍ തൊട്ടടുത്തിരുന്ന എന്റെ സഹോദരന്‍, വളരെ രൂക്ഷമായി എന്നെ ഒന്നു നോക്കി. അപ്പോള്‍ അതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി തരുന്ന സംഭവം അരങ്ങേറിയത്. ചേട്ടന്‍ അമ്മയോടായി അലറി; 

അമ്മ കണ്ടില്ലേ, ഇവളുടെ ആളുകളുടെ സ്വഭാവവും ജോലിയും എന്താണെന്ന്? ഇവള്‍ ഇതുപോലുള്ള സാധനങ്ങളുടെ കൂടെയാണ് ബാംഗ്ലൂരില്‍ താമസിക്കുന്നത്. ഇതാണോടീ ബാംഗ്ലൂരില്‍ നിന്റെയും തൊഴില്‍? അവിടെ വന്ന് ആരും ഒന്നും അന്വേഷിക്കാത്തതുകൊണ്ട് എന്തും ആവാമല്ലോ, അല്ലേ?

കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് ഞാന്‍ വളരെയധികം സന്തോഷിച്ചു. ഇതുവരെ എന്നെ അംഗീകരിക്കാന്‍ തയ്യാറാകാത്ത എന്റെ സ്വന്തം സഹോദരനില്‍ നിന്നും അംഗീകാരത്തിന്റെ ഒരു നറുവെളിച്ചം ഞാന്‍ കണ്ടു. പക്ഷേ ഒരു മൂന്നാംകിട സിനിമയിലെ അനാവശ്യമായ ഒരു രംഗം ആ സന്തോഷവും എന്റെ പ്രതീക്ഷയും കെടുത്തി കളഞ്ഞു. ഇതെന്റെ സ്വന്തം അനുഭവമാണ്, കേവലം ഒരു രാത്രിക്കു മുന്‍പ് മാത്രം എനിക്കുണ്ടായ ഒന്ന്. ഇനി ഇതിന്റെ വ്യാപ്തി ഒന്നളക്കാം. യാഥാസ്ഥിതിക മനോഭാവം വെച്ച പുലര്‍ത്തുന്ന മലയാളി സമൂഹത്തിന്റെ ഒരു പ്രതിനിധിയാണ് എന്റെ സഹോദരന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രധിനിധി ഞാനും.

സമൂഹത്തില്‍ ഇത്രയധികം പാര്‍ശ്വവത്കരിക്കപ്പെടുന്ന മറ്റൊരു വിഭാഗം ഉണ്ടാകാനിടയില്ല. അതിന് ജീവിച്ചിരിക്കുന്ന തെളിവാണ് ഞാന്‍. കേരളം വിട്ട് ബാംഗ്ലൂര്‍ പോലൊരു നഗരത്തിലേക്ക് ചേക്കേറിയത്, എന്നെ പോലെ ഒരാള്‍ക്ക് കേരളീയ സമൂഹത്തില്‍ നിലനിന്ന് പോകാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രമാണ്. ഇന്നോളം അവിടെ ജീവിച്ചത് മാന്യമായി തൊഴിലെടുത്താണ്. ആരുടെയും ഒരു രൂപയും കബളിപ്പിച്ച് സ്വന്തമാക്കിയിട്ടില്ല. എന്നിട്ടും സമൂഹത്തില്‍ നിന്നും പലപ്പോഴും നേരിടേണ്ടി വരുന്ന അവഹേളനമാണ്, 'നിന്റെ തൊഴില്‍ മറ്റേതല്ലേ?' എന്ന ചോദ്യം. ഈ മറ്റേത് എന്നതുകൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് ലൈംഗികവൃത്തി തന്നെയെന്നതില്‍ യാതൊരു സംശയവുമില്ല. 

ഇന്നുവരെ അങ്ങനെയൊരു ഉപജീവനമാര്‍ഗം സ്വീകരിച്ചിട്ടില്ല. സ്വയേച്ഛയാല്‍, ആരും അത് തിരഞ്ഞെടുക്കുമെന്നും തോന്നുന്നില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ലൈംഗികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. ശാരീരികസുഖം മോഹിച്ചോ കാമപൂരണത്തിനോ അല്ല അവരൊന്നും ഈ തൊഴിലിന് ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് ജീവിക്കാന്‍ മാന്യമായ ഒരു മാര്‍ഗം ഉണ്ടാക്കി തരാന്‍ മെനക്കെട്ടിട്ടില്ലാത്ത സമൂഹം, കുറ്റം പറയാന്‍ ഒരു നാണവുമില്ലാതെ മുന്നോട്ട് വരുന്നു എന്നത് എന്തൊരു വിരോധാഭാസമാണ് !

ഒരുപാട് കാലത്തെ കഷ്ടപ്പാടുകള്‍ക്കും പൊരുതലുകള്‍ക്കും അവഹേളനങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ശേഷം ഈ അടുത്ത കാലത്തായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം കേരളത്തില്‍ അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഞങ്ങളെ അംഗീകരിക്കാന്‍ തയ്യാറായിട്ടുള്ളതും. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് എറണാകുളത്ത് വെച്ച് എന്റെ സ്വന്തം സഹോദരി പൂര്‍ണയും അവളുടെ സുഹൃത്ത് ആയിഷയും പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി ഇപ്പോഴും ചികിത്സയിലാണ്. ഈ അടുത്ത കാലത്ത് മാത്രം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ പൂര്‍ണക്ക് പോലീസ് മര്‍ദനം വളരെയേറെ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കി. ആ ഷോക്കില്‍ നിന്നും അവള്‍ ഇതുവരെ പുറത്തുവന്നിട്ടുമില്ല. 

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം അനുഭവിക്കേണ്ടി വരുന്ന അനേകായിരം പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണിത്. ഇത്തരം നൂറു നൂറു പ്രശ്‌നങ്ങളോട് പടവെട്ടിയാണ് ഓരോ ട്രാന്‍സ്‌ജെന്‍ഡറും സമൂഹത്തില്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. ഞങ്ങളെ സഹായിച്ചില്ലെങ്കിലും സാരമില്ല, പക്ഷേ ശിക്ഷിക്കാന്‍ മമ്മൂട്ടിയെ പോലുള്ള നടന്‍ അഭിനയിക്കുന്ന സിനിമയും അതിന്റെ അണിയറ പ്രവര്‍ത്തകരും മുന്നോട്ടു വരാന്‍ പാടില്ലായിരുന്നു.

സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ പ്രതികരിക്കുമ്പോള്‍ മാത്രമേ ഒരു കലാസൃഷ്ടി മഹത്തരമാകുന്നുള്ളൂ. കച്ചവടതാത്പര്യം മാത്രം മുന്‍നിര്‍ത്തി ഇത്തരമൊരു സിനിമ പടച്ചുവിട്ട കസബയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതിലും എന്തുകൊണ്ടും മാന്യമായ തൊഴിലാണ് ലൈംഗികവൃത്തി, മാത്രമല്ല ഇത്തരം ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിലും വളരെ അന്തസ്സുണ്ട് ലൈംഗികവൃത്തി ഉപജീവന മാര്‍ഗമാക്കേണ്ടി വന്ന എന്റെ പാവം സഹോദരിമാര്‍ക്ക്.

കുറച്ച് കാലം മുന്‍പ് 'ഐ' എന്ന തമിഴ് സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ മോശമായി ചിത്രീകരിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഒത്തുകൂടി. ആ പ്രക്ഷോഭങ്ങളുടെ ഫലമായി ശങ്കറിനെപ്പോലൊരു സംവിധായകന്‍ വരെ മാപ്പ് പറഞ്ഞ് സിനിമയില്‍ നിന്നും ആ ഭാഗം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി. കസബയുടെ സംവിധായകനായ നിധിന്‍ രഞ്ജി പണിക്കര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് മാപ്പ് പറഞ്ഞ് ചിത്രത്തില്‍ നിന്നും ആ ഭാഗം നീക്കം ചെയ്യണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രധിനിധി എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു.

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്