കന്നഡക്കാരിൽ ചിലർക്ക് മലയാളികളോടുള്ള വികാരം

കന്നഡക്കാരിൽ ചിലർക്ക് മലയാളികളോടുള്ള വികാരം

ഇന്ന് (ഒക്ടോബർ 20) എന്റെ സുഹൃത്തുക്കളുടെ ഒന്നാം വിവാഹ വാർഷികമാണ്. അത് പ്രമാണിച്ച് ഇന്നലെ ഒരു ചെറിയ ഒത്തുകൂടൽ പ്ലാൻ ചെയ്തിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ 5 പേർ മാത്രം ഉള്ള ഒരു ചെറിയ പരിപാടി.

ആ അവസരത്തിൽ അവർക്ക് ആശംസകൾ നേരാനായി സുഹൃത്തിന്റെ അമ്മ ഫോണിൽ വീഡിയോ കോൾ വിളിച്ചിരുന്നു. വീടിന് അകത്ത് നെറ്റ്‌വർക്ക് strength കുറവായതിനാൽ അവർ വീടിന് പുറത്തിറങ്ങി സംസാരിക്കുകയായിരുന്നു...

അപ്പോൾ ഒരാൾ വന്ന് "ബഹളം ഉണ്ടാക്കാതെ അകത്ത് പോകൂ" എന്ന് പറഞ്ഞ് എന്റെ സുഹൃത്തിന് നേരെ വന്നു. അവൻ കാര്യം എന്താണ് എന്ന് തിരക്കിയപ്പോഴേക്കും ഒരു പറ്റം ആളുകൾ, വളരെ പെട്ടെന്ന് അവിടെയെത്തി. എവിടെ നിന്നാണ് ഇത്രയും ആളുകൾ നിമിഷ നേരം കൊണ്ട് അവിടെ ഒത്തു കൂടിയതെന്ന് മനസ്സിലാകുന്നില്ല. അതുതന്നെ, ഇന്നലെ നടന്നത് കരുതിക്കൂട്ടിയുള്ള ഒരു ആക്രമണം ആണെന്ന് മനസ്സിലാക്കാൻ കഴിയും.

എന്റെ സുഹൃത്തുക്കൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയും, അയൽക്കാരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നത് വളരെ വൈകിയാണ് ഞങ്ങൾ അറിയുന്നത്. ആ പ്രശ്നങ്ങളുടെ ഭാഗമായി പലപ്പോഴും എന്റെ സുഹൃത്തുക്കൾക്ക് നേരെ പല തരത്തിലുള്ള പ്രശ്നങ്ങളും അയൽക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പലപ്പോഴും കന്നടയിൽ അസഭ്യം പറയുന്നതും പതിവായിരുന്നു.

ഈ അടുത്തൊരു ദിവസം എന്റെ സുഹൃത്തുക്കൾ താമസിക്കുന്ന വീട് പുറത്ത് നിന്ന് പൂട്ടുകയുണ്ടായി. അന്ന് അടുത്ത വീട്ടിലെ കുട്ടികൾ അറിയാതെ ചെയ്തതാണ് ഇത് എന്ന് കരുതി അവർ പ്രശ്നത്തിനൊന്നും പോയില്ല. എങ്കിലും അവർ അത് വീട്ടുടമയോട് പരാതിപ്പെട്ടിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ്, എന്റെ സുഹൃത്തുക്കളുടെ വീട്ടിലെ തുറന്ന് കിടന്ന ജനലിലൂടെ ആരോ മൂത്ര വിസർജനം നടത്തുകയും ചെയ്തു. ഈ സംഭവശേഷം ഇത് ചെയ്തത് ആരെന്ന് കണ്ടെത്താൻ അവർ ഒരുപാട് ശ്രമിച്ചു. പക്ഷേ കണ്ടെത്താനായില്ല.

അതോടെ അവർ കൂടുതൽ ജാഗ്രതയോടെ ജീവിക്കാൻ തുടങ്ങി. അയൽക്കാരുടെ പെരുമാറ്റത്തിൽ അവർ അസ്വസ്ഥർ ആയിരുന്നു എന്നത് പലപ്പോഴും അവരുടെ സംസാരത്തിൽ നിന്നും എനിക്കും തോന്നിയിരുന്നു.
എന്നാൽ അയൽക്കാർ ഇത്രയും തീവ്രമായ രീതിയിൽ ഒരു ആക്രമണം നടത്തും എന്ന് ഞങ്ങളാരും ചിന്തിച്ചത് പോലുമില്ല.

ഇന്നലെ രാത്രി നടന്ന സംഭവം വ്യക്തമായി പ്ലാൻ ചെയ്ത് നടപ്പാക്കിയപോലെ ഉണ്ടായിരുന്നു. അത് പറയാൻ കാരണം...

അവരുടെ വീടിന് തെക്ക് വശത്ത് താമസിക്കുന്ന വീട്ടുകാർ ആണ് പ്രശ്നവുമായി ആദ്യം വന്നത്. ഈ പ്രശ്നം തുടങ്ങിയപാടെ വടക്കുവശത്ത്, ഒരു രണ്ട് വീടിന് അപ്പുറത്ത് നിന്നും രണ്ട് ചെറുപ്പക്കാർ ഓടി വന്ന് വണ്ടിയുടെ ചില്ല്‌ എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു.

ഇത് അവരുടെ കാർ ആണെന്ന് അക്രമികൾക്ക് എങ്ങനെ മനസ്സിലായി?

എന്താണ് പ്രശ്നം എന്നുപോലും ചോദിക്കാതെ എങ്ങനെയാണ് അവർ അയൽക്കാരുമായി ഉള്ള തർക്കം ആണെന്ന് അറിഞ്ഞത്?

എന്റെ സുഹൃത്തുക്കളുടെ ഭാഗത്താണ് തെറ്റ് എന്ന് അവർ എങ്ങനെ തീരുമാനം എടുത്തു?
മറ്റൊരു പ്രധാന വിഷയം...

ഞാനാണ് പോലീസുകാരെ വിളിച്ച് വരുത്തിയത്. പക്ഷേ, പോലീസ് എത്തി അവരുടെ വാഹനത്തിൽ ഞങ്ങളെ മാത്രമാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. മറുപക്ഷക്കാരെ ആരെയും എന്തുകൊണ്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയോ വിളിപ്പിക്കുകയോ ചെയ്യാത്തതെന്ന് ഞാൻ തിരക്കിയപ്പോൾ, ഞങ്ങളെ safe ആക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു പോലീസ് ഭാഷ്യം.

ഞങ്ങൾ സ്റ്റേഷനിൽ എത്തി കുറച്ച് സമയത്തിന് ശേഷം മറുപക്ഷത്തുള്ള ചിലർ സ്റ്റേഷനിൽ എത്തിയിരുന്നു. ഇരുപക്ഷത്തും ഉള്ള പരാതികൾ എഴുതി നൽകാൻ സബ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടിട്ടും അവർ അതിന് മുതിരാതെ മുങ്ങുകയായിരുന്നു.

ഞങ്ങൾ നൽകിയ പരാതി പോലീസ് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് MPയെയും കേന്ദ്ര മന്ത്രിയുടെ ഓഫീസിനെയും വിവരമറിയിക്കുകയും, ഞാൻ ലൈവ് വരികയും ചെയ്തു.

ഇത് കണ്ട ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറാണെന്ന് പറഞ്ഞ് SI എന്നെയും സുഹൃത്തുക്കളെയും സ്റ്റേഷന് അകത്തേക്ക് വിളിച്ചത്. ഇത് ഇന്നലത്തെ എന്റെ ലൈവിൽ വ്യക്തമായി കാണാം... പക്ഷേ, അപ്പോഴും നെറ്റ്‌വർക്ക് ഡൗൺ ആണ് എന്നും കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നുമായിരുന്നു മറുപടി.

അപ്പോഴാണ് കമ്മീഷണർ ഓഫീസിൽ നിന്നും സ്റ്റേഷനിലേക്ക് കോൾ വന്നത്. അതിന് ശേഷം ആണ് പരാതി സ്വീകരിച്ചതും. എന്നാൽ FIR ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്രയൊക്കെ പ്രഷർ ഉണ്ടായിട്ടും പോലീസ് ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

ഇപ്പൊൾ ഞങ്ങൾ സ്റ്റേഷനിൽ ആണുള്ളത്. വന്നിട്ട് ഏകദേശം ഒന്നര മണിക്കൂർ ആയി. ഉടനെ FIR രജിസ്റ്റർ ചെയ്യാം എന്നാണ് ഞങ്ങൾ വന്നപ്പോൾ മുതൽ പറയുന്നത്.

FIR എന്നാൽ FIRST INFORMATION REPORT ആണോ അതോ Final Investigation Report ആണോ എന്നുപോലും സംശയം തോന്നുന്നു.

എടുത്ത് പറയേണ്ട മറ്റൊരു വിഷയം, ഇന്നലെ ഞങ്ങൾക്ക് എഴുതി തന്നിരിക്കുന്ന acknowledgement ൽ പ്രതികൾക്ക് എതിരേ ചുമത്തിയിരിക്കുന്നത് സ്റ്റേഷൻ ജാമ്യം തന്നെ ലഭിക്കുന്ന വകുപ്പുകൾ ആണ്.

വീട് കയറി ആക്രമിച്ചതിനും, ഗൂഢാലോചനയ്ക്കും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും, നിയമവിപരീതമായി സംഘം ചേർന്നതിനും ഒന്നും കേസ് എടുത്തിട്ടില്ല. വധശ്രമം അടക്കം ചാർജ് ചെയ്യേണ്ട കേസിൽ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്.

ഈ പ്രവർത്തികൾ മൂലം പോലീസിന്റെ ഉദ്ദേശശുദ്ധിയിൽ തന്നെ സംശയം ജനിക്കുന്നു...

ഇതിനൊക്കെ മേലെ വംശീയത ഉറക്കെ വിളിച്ച് പറഞ്ഞ്, "ഈ മണ്ണ് കന്നടക്കാരുടെ ആണെന്നും ഇവിടെ മലയാളി നായ്ക്കൾ അധികം കുറയ്ക്കണ്ട" എന്ന് വരെ പറഞ്ഞ് എന്റെ സുഹൃത്തുക്കളെ ആക്രമിച്ചവരിൽ ഒരാളെ പോലും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടുമല്ല.

കേസ് രജിസ്റ്റർ ചെയ്യാൻ വേണ്ടി രാത്രി 12 മണിക്ക് മേലെ ഞങ്ങൾക്ക് സ്റ്റേഷനിൽ നിൽക്കേണ്ടിയും വന്നു.
ഇത്രയൊക്കെ നടന്നിട്ടും പ്രശ്നത്തെ നിസ്സാരവത്കരിക്കുകയാണ് പോലീസ്.

ബാംഗളൂർ നഗരത്തിൽ ജീവിക്കുന്ന അന്യസംസ്ഥാനക്കാർക്ക് നേരെ ഇത്തരം ആക്രമണങ്ങൾ പതിവ് സംഭവങ്ങളായി മാറുകയാണ് ഇപ്പൊൾ. എന്നിട്ടും ഇതാണ് ഇവിടുത്തെ പോലീസിന്റെ സമീപനം.

ബാംഗളൂർ എന്നത് ഇന്ത്യാമഹാരാജ്യത്തിന് പുറത്തോ പാകിസ്ഥാനിലോ ഒന്നും അല്ലല്ലോ..? അപ്പോ പിന്നെ ഇക്കൂട്ടർക്ക് മാത്രമായി പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ലല്ലോ..?

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്‌ യോജിക്കാത്ത ഇത്തരം പ്രവർത്തികൾക്ക് മൗനസമ്മതം നൽകുന്ന പോലീസുകാർക്കെതിരെയും കോടതിയെ സമീപിക്കാൻ ആണ് തീരുമാനം.

ശക്തമായി പോരാടാൻ തന്നെയാണ് തീരുമാനം. ഉറച്ച തീരുമാനം.

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്