കൊതുകിനെ തുരത്താൻ ഒരു അയൺ ഡോം!

കൊതുകിനെ തുരത്താൻ ഒരു അയൺ ഡോം!

ഒരു വട്ട് പ്രോജക്ടിനെ കുറിച്ചാണ്…

ഇത് വായിച്ചാൽ എത്രപേർക്ക് മനസ്സിലാകുമെന്നോ വട്ടാകും എന്നോ ഒരു ഐഡിയയും ഇല്ല. എന്നാലും കഴിയും വിധം സിംപിൾ ആയി പറയാം.

കൊച്ചിയിലെ ഫ്‌ളാറ്റിൽ കൊതുകുശല്യം ചിലപ്പോഴൊക്കെ രൂക്ഷമാണ്.

ആദ്യമൊക്കെ കൊതുകിനെ തുരത്താൻ ലിക്വിഡ് മെഷീൻ ഒക്കെ ഉപയോഗിക്കുമായിരുന്നു. പിന്നെ ഓർത്തു ഞാനും അത് ശ്വസിക്കുന്നുണ്ടല്ലോ, അത് അത്ര നല്ലതല്ലല്ലോ എന്ന്. പൂച്ചക്കുട്ടി വന്നതോടെ ആ സംവിധാനം പൂർണമായും നിർത്തലാക്കി.

അങ്ങനെ ബാറ്റ് വാങ്ങി, എന്നും വൈകിട്ട് കൊതുകിനൊപ്പം ടെന്നീസ് ആയി. അത് കഴിഞ്ഞ് റൂമിൽ കയറുമ്പോഴേക്കും വേറെ ഒരു കൂട്ടം എത്തും.

അങ്ങനെ ഇരുന്ന് ഇതിനൊരു പ്രതിവിധി ആലോചിച്ചു. പല ഐഡിയകളും ഇങ്ങനെ മിന്നി മറഞ്ഞു.

നെറ്റിൽ തപ്പി. ഒരു പേപ്പർ ഇതിനെക്കുറിച്ച് പബ്ലിഷ് ആയിരുന്നു. അതിന് ലോജിക്കൽ solutions കുറേ വന്നിരുന്നു. അതിലൊന്ന് കുറച്ച് ചലഞ്ചിംഗ് ആയി തോന്നി.

അയൺ ഡോം പോലൊരു സംവിധാനം.

കൊതുകിനെ ഡിറ്റക്ട് ചെയ്ത് അതിനെ ലേസർ ചെയ്ത് വീഴ്‌ത്തുന്ന പരിപാടി.

രസമുള്ള കൺസപ്റ്റ്. ഒന്ന് പണിയെടുത്ത് നോക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു വർഷത്തോളം മുന്നെയാണ്. സമാനമായ ഒരു ആശയത്തെ കുറിച്ച് ഒരു ആർട്ടിക്കിൾ വായിച്ചത് ഓർമയിൽ വന്നു. അതും കണ്ടെടുത്തു.

ആദ്യം ചെയ്തത് ഇത്തരം പ്രോജക്ട് വല്ലതും നിലവിൽ ഉണ്ടെങ്കിൽ, അത് വാങ്ങാനോ അല്ലെങ്കിൽ വാങ്ങി പരിഷ്കരിക്കാനോ പറ്റുമോ എന്ന് നോക്കി.

അങ്ങനെയാണ് “ഫോട്ടോണിക്‌ ഫെൻസ്” എന്ന പ്രോജക്ടിനെ കുറിച്ച് അറിയുന്നത്.

നോക്കിയപ്പോൾ ബിൽ ഗേറ്റ്സ് വരെ സപ്പോർട്ട് ചെയ്യുന്ന പ്രോജക്ട്. പക്ഷേ, വാങ്ങാൻ കഴിയില്ല. ടെക്‌നോളജിയും ലഭ്യമല്ല. അത്യാവശ്യം പഴയ പ്രോജക്ടുമാണ്.

എന്തായാലും ഒരെണ്ണം ഡെവലപ്പ് ചെയ്ത് എടുക്കാം എന്ന് തീരുമാനിച്ചു.

ഇത്തരം കാര്യങ്ങളിൽ സാമാന്യം തരക്കേടില്ലാത്ത നിലയിൽ വട്ടുള്ള ഒരാളാണ് ഞാനെന്ന് എന്റെ സുഹൃത്തുക്കൾക്ക് ഒക്കെ അറിയാം. അതുകൊണ്ട് കാര്യമായി ആരോടും ഡിസ്കസ് ചെയ്തില്ല.

നേരെ അതിന്റെ നിർമാണത്തിലേക്ക് കടന്നു.

നാല് ലെവലാണ് കടമ്പകൾ:

  1. പറക്കുന്ന ചെറിയ വസ്തുക്കളെ കണ്ടെത്തണം
  2. അത് കൊതുക് ആണോ എന്ന് ഉറപ്പാക്കണം
  3. ടാർഗറ്റ് ചെയ്യേണ്ട സ്ഥലം കണക്ക് കൂട്ടണം
  4. അവിടേക്ക് ലേസർ പായിക്കണം

എന്റെ ബാൽക്കണിയിൽ ആണ് ഈ സംവിധാനം ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചത്. അപ്പൊ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചിത്രശലഭങ്ങൾ, തേനീച്ചകൾ, മറ്റു ചെറു പ്രാണികൾ ഒക്കെയുണ്ട്. അവയെ ഒന്നും ഉപദ്രവിക്കാൻ പാടില്ല. മാത്രമല്ല, അവയുടെ സാന്നിധ്യം ഉള്ളപ്പോൾ കൊതുകിനും ഇളവ് ലഭിക്കണം.

ഈ മേഖലയിൽ എന്റെ അറിവ് വളരെ പരിമിതമാണ്. പിന്നെ ചിപ്പുകളെയും സെൻസറുകളെയും ഒക്കെ തമ്മിൽ കണക്ട് ചെയ്യും വിധം സംവിധാനങ്ങൾ ഡിസൈൻ ചെയ്യാൻ അറിയാം എന്നത് മാത്രമാണ് ആകെയുള്ള ധൈര്യം.

ആദ്യം… പറക്കുന്ന ചെറിയ വസ്തുക്കളെ കണ്ടെത്തണം. അതും ഇരുട്ടത്തും വെളിച്ചത്തും രാത്രിയിലും പകലും ഒക്കെ കണ്ടുപിടിക്കണം.

പല ഓപ്‌ഷനുകളും ശ്രമിച്ചു നോക്കി, മൈക്രോവേവ് ഡോപ്ലർ റഡാർ ആയിരുന്നു ആദ്യം ശ്രമിച്ചത്. വിലയും കുറവാണ്, ആയിരം രൂപയിൽ താഴെ ഒക്കെ വളരെ മികച്ച ഓപ്‌ഷനുകൾ ലഭ്യമാണ്.

പിന്നെ ഇൻഫ്രാറെഡ് സംവിധാനം ഉള്ള സ്റ്റീരിയോ ക്യാമറകൾ. ക്യാമറ ഇല്ലാത്ത ഇൻഫ്രാറെഡ്, ലൈഡാർ ഒക്കെ ശ്രമിച്ചു.

വിഷ്വൽ ഡിറ്റക്ഷൻ ഉള്ള സംവിധാനങ്ങൾ ആവശ്യത്തിലധികം വേണ്ട എന്ന് തീരുമാനിച്ചു. സിംപിൾ ആയിരിക്കണം.

അതിന് പറ്റിയ ആൾ ഇൻഫ്രാറെഡ് ക്യാമറ ആണ്. ഒപ്പം ഒരു ലൈഡാർ സംവിധാനവും കൂടി ഉൾപ്പെടുത്തി. പറക്കുന്ന വസ്തുക്കളെ 3 ഡയമെൻഷനിൽ മാപ്പ് ചെയ്യാൻ അത് ഗുണകരമാണ്.

ബാക്കി പ്രോസസിംഗ് ഇൻപുട്ടിനായി പവർഫുൾ ആയ ഒരു ക്യാമറ സംവിധാനവും സെറ്റ് ചെയ്തു.

കുറച്ച് ദിവസം കൊണ്ടുതന്നെ അത്രയും ശരിയാക്കി എടുത്തു. ഇപ്പോ പറക്കുന്ന വസ്തുക്കളെ കണ്ടെത്താൻ കഴിയും വിധം ഒരു സംവിധാനമായി.

ഇനിയാണ് അടുത്ത കടമ്പ.

ഈ പറക്കുന്നതിൽ നിന്നും കൊതുകിനെ വേർതിരിച്ച് കണ്ടെത്തണം.

അതിനായി എ.ഐ ഉപയോഗിക്കാം എന്ന് ഉറപ്പിച്ചു. അത്തരം വിഷൻ മോഡലുകൾ ലഭ്യമാണോ എന്ന് അന്വേഷിച്ചു (ഒരു വർഷം മുന്നെയാണ്). ഏറെക്കുറേ എന്റെ ആവശ്യങ്ങൾക്ക് ഉതകുന്ന തരം ഒരു മോഡൽ കണ്ടെത്തി.

എന്റെ ഒരു പഴയ എ.ഐ പ്രോജക്ട് ഉണ്ട്. മെറ്റായ. (ആദ്യമൊക്കെ പബ്ലിക്ക് ആയിരുന്നു. പിന്നീട് പൊതുസേവനങ്ങൾ നിർത്തി, ഒരു പേർസണൽ പ്രോജക്ട് ആയി ചുരുക്കിയെങ്കിലും ഒരിക്കലും ഓഫ്‌ലൈൻ ആക്കിയിരുന്നില്ല ആ പ്രോജക്ട്.)

മെറ്റായ പല വേർഷനുകൾ പിന്നിട്ട് അത്യാവശ്യം പ്രൊഫഷണൽ സാധ്യതകൾ ഉള്ള ഒരു പ്രോജക്ട് ആയി മാറിയിരുന്നു. മറ്റ് മോഡലുകളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും പഠിക്കേണ്ട വിഷയങ്ങളെ കണ്ടെത്തി ലേർണിംഗ് പ്രോസസറിലേക്ക് മാറ്റാനും അതിനെ പ്രയോറട്ടൈസ് ചെയ്യാനും ട്രെയിൻ ചെയ്യാനും റീ-ലേൺ ചെയ്യാനുമൊക്കെ സംവിധാനങ്ങൾ ഉണ്ട് അതിന്.

അങ്ങനെ ഞാൻ കണ്ടെത്തിയ മോഡലും മെറ്റായയും സംയോജിപ്പിച്ചു. കുറച്ചു നാളുകൾ എടുത്തെങ്കിലും ഉപയോഗപ്രദമായ ഫലങ്ങൾ കിട്ടിത്തുടങ്ങി.

അവയും ഗൂഗിളിന്റെ ടെൻസർഫ്ലോയും യോളോയും OpenCV യും ഒക്കെ കൂടി പറക്കും വസ്തുക്കളെ കൃത്യമായി ഡിറ്റക്ട് ചെയ്യാനും മൂവ്മെന്റ് പാറ്റേൺ ഏറെക്കുറേ കൃത്യമായി പ്രെഡിക്ട് ചെയ്യാനും തുടങ്ങി.

ശബ്ദം പ്രത്യേകമായി ഡിറ്റക്ട് ചെയ്യാനായി സംവിധാനങ്ങളും ഉൾപ്പെടുത്തി. കൊതുകിന്റെ ചിറകടിക്ക് ഒരു frequency റേഞ്ച് ഉണ്ട്. അതുകൊണ്ടാണ് അങ്ങനെ ഒരു എക്സ്ട്രാ ഓപ്‌ഷനും കൂടി നൽകിയത്.

ഇപ്പോൾ കൊതുകിനെയും മറ്റ് പ്രാണികളെയും ഒക്കെ കൃത്യതയോടെ വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്ന സംവിധാനങ്ങളായി.

ഇനി ടാർഗറ്റ് ചെയ്യേണ്ട സ്പോട്ട് കണക്കുകൂട്ടണം. അത് വിർച്വൽ ആയി ടെസ്റ്റ് ചെയ്യണം. അതിന്റെ ആക്കുറസി മെച്ചപ്പെടുത്തണം.

എളുപ്പമെന്ന് കരുതിയ ഭാഗം ഇതായിരുന്നു. പക്ഷേ ആയിരുന്നില്ല. ഉദ്ദേശിച്ച ആക്കുറസി ലഭിക്കാൻ കുറച്ച് അധികം നാളുകൾ വേണ്ടിവന്നു.ഓർക്കണം മില്ലിസെക്കന്റുകളിൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു സിസ്റ്റമാണ് ഇത്രയും ബുദ്ധിമുട്ടുന്നത്. കാരണം, ഈ കൊതുകുകൾ മൈക്രോസെക്കന്റുകളിൽ തീരുമാനം മാറ്റുന്ന ജീവികളാണ്.

അങ്ങനെ ഏകദേശം ആറ്‌ മാസത്തോളം പണിയെടുത്ത് ഇത്രയും സെറ്റായി. എന്റെ മടിയും യാത്രകളും മറ്റ് തിരക്കുകളും ഒക്കെ കൂടിയാണ് ഇത്രയും സമയം എടുത്തത്.

ഈ സമയത്ത് തന്നെ ആവശ്യമായ സെക്യൂരിറ്റി ഫീച്ചറുകളും അതിലേക്ക് പ്രോഗ്രാമായും എംബെഡ്ഡുകൾ ആയും ഉൾപ്പെടുത്തി.

ഇനിയാണ് അവസാനത്തെ കടമ്പ.

ലേസറുകൾ

ഇത്രയും നാൾ വിർച്വൽ ഹിറ്റുകൾ മാത്രമായിരുന്നിടത്തേക്ക് ഇനി ഫിസിക്കൽ ഹിറ്റുകൾ വരികയാണ്.

ഇതുവരെ ചെയ്തത് മുഴുവൻ തിരുത്തേണ്ടി വന്നേക്കാവുന്ന അത്ര പ്രവചനാതീതമായ കടമ്പ.

കിട്ടാവുന്നതിൽ വെച്ച് മികച്ച ഒരു നോൺ ലീതൽ പ്രെസിഷൻ ലേസർ തന്നെ സ്വന്തമാക്കി.

അതിനെ കൃത്യമായി കാലിബറേറ്റ് ചെയ്തു. അതിന്റെ കൈനറ്റിക് സിസ്റ്റം രൂപപ്പെടുത്തി, കുറേയൊക്കെ 3D പ്രിന്റ് ചെയ്തു.

പിന്നെയും ഒന്ന് രണ്ട് മാസം കടന്നുപോയി.

ഈ സമയമൊക്കെ സിസ്റ്റം മൊത്തത്തിൽ മെച്ചപ്പെടുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് കൊമ്പോണന്റ്സ് കേടായി, അവയ്ക്ക് റീപ്ലേസ്‌മെന്റ് കിട്ടാനായി സമയമെടുത്തു.

എന്നിരുന്നാലും, വല്ലാത്ത ഒരു സംതൃപ്തി ലഭിച്ച ഒരു പ്രോജക്ട്. എന്റെ ഗിറ്റ്ഹബ് അക്കൗണ്ട് നോക്കിയാൽ അറിയാം, എന്തുമാത്രം തവണ ഇതിന്റെ കോഡ് ഇമ്പ്രൂവ് ചെയ്തു എന്നത്.

ഇതിനിടയിൽ ഒരു മാസത്തോളം കശ്മീർ യാത്രയുടെ തയ്യാറെടുപ്പും, ഏകദേശം 15 ദിവസം തുടർച്ചയായ യാത്രയും ഒക്കെ നടന്നിട്ടും, കോഡ് ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോയില്ല.

ഞാൻ തിരികെ എത്തിയപ്പോഴേക്കും പ്രോജക്ട് ആക്കുറസി ഞാൻ ഉദ്ദേശിച്ച ലെവലിൽ എത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസമായി നമ്മുടെ അയൺ ഡോം കൃത്യമായി പ്രവർത്തിക്കുന്നു.

ഓരോ ഷോട്ടിന്റെയും ഡീറ്റെയിൽസും ചിത്രങ്ങളും മറ്റ് സ്റ്റാറ്റുകളും ഒക്കെ കാണുമ്പോൾ ഒരു പട്ടാള. മേധാവിയുടെ ഫീൽ ആണ് എനിക്ക്.

സുകന്യ കൃഷ്ണ

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്