രജനി എന്ന ദൈവം
- സുകന്യ കൃഷ്ണ
- ജൂലൈ 22, 2016
- 270
- ചെന്നൈ
- അഭിപ്രായങ്ങൾ
ജൂലൈ 22, 2016 - സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ ദിവസം ഒരു 'സ്വയം പ്രഖ്യാപിത' അവധി ദിവസമാകാനാണ് സാധ്യത. കാരണം, ഈ ദിവസമാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'കബാലി' പ്രദർശനത്തിനെത്തുന്നത്.
ഒരുപാട് നാളുകളായി രജനി ആരാധകർ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുന്നു, ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം ആ കാത്തിരിപ്പ്. താരാരാധന എന്താണെന്ന് അറിയണമെങ്കിൽ, നിങ്ങൾ തീർച്ചയായും ഒരു രജനികാന്ത് സിനിമയുടെ ആദ്യ ഷോ കാണണം.
കുറച്ച് കാലം മുമ്പ് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച്, അനിതരസാധാരണമായ ആ താരാരാധന അനുഭവിച്ചറിയാൻ എനിക്കൊരവസരം ലഭിച്ചു. വെളുപ്പിന് 4 മണി സമയത്താണ് വളരെ യാദൃശ്ചികമായി ഞാൻ അവിടെ എത്തുന്നത്. പെട്ടെന്ന് റോഡിന് നടുവിൽ ഒരു വലിയ ജനക്കൂട്ടത്തെ ഞാൻ അവിടെ കണ്ടു. എന്താണ് സംഭവമെന്ന് ആദ്യമെനിക്ക് മനസ്സിലായില്ല. കാറിന്റെ ഡ്രൈവറോട് ഞാൻ കാര്യമന്വേഷിച്ചു. "ഇന്ന് രജനികാന്തിന്റെ സിനിമ റിലീസ് ആണ്, അണ്ണന്‍റെആരാധകരാണ്." ഡ്രൈവർ പറഞ്ഞു.
ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്താണവർ ചെയ്യുന്നതെന്ന് അറിയാനുള്ള കൗതുകം കൊണ്ട് കാറിന്റെ ഡോർ തുറന്ന് ഞാൻ പുറത്തിറങ്ങി. രജനികാന്തിന്റെ ഒരു പടുകൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുകയാണവർ. തലേ ദിവസം രാത്രി തന്നെ അവർ ഇവിടെ ഒത്തുകൂടിയതാണ്. രാത്രി മുഴുവൻ അവർ ആഘോഷിച്ചിരിക്കുന്നു. ആ ആഘോഷം ഇപ്പോഴും തുടരുന്നു. രജനികാന്ത് വെറുമൊരു താരമല്ല അവർക്ക്, 'ഒരു ദൈവമാണ് ' എന്ന് എനിക്ക് തോന്നി. അക്ഷരാർത്ഥത്തിൽ അതങ്ങനെതന്നെയാണ് താനും. തണുപ്പ് അസഹനീയമായി തോന്നിയപ്പോൾ ഞാൻ തിരികെ കാറിൽ കയറി. "വർഷങ്ങളായി ഇവിടെ ഇങ്ങനെയാണ്. ഇവിടെ മാത്രമല്ല ഇന്ന് ഈ സിനിമ റിലീസ് ആകുന്ന, നഗരത്തിലെ എല്ലാ സിനിമാ കൊട്ടകകളിലും ഇതുതന്നെയായിരിക്കും അവസ്ഥ. തലൈവൻ ഞങ്ങൾക്ക് വെറുമൊരു സിനിമാ താരം മാത്രമല്ല, ഞങ്ങളുടെ രക്തത്തിൽ കലർന്നുപോയ ഒരു വികാരമാണ്" ഡ്രൈവർ കൂട്ടിച്ചേർത്തു.
അല്പസമയത്തിനകം ഞാൻ സുഹൃത്തിന്റെ വീട്ടിലെത്തി. ആ ദിവസം എനിക്കായി കരുതിവെച്ച വിചിത്രാനുഭവങ്ങൾ തീർന്നിരുന്നില്ല എന്നു ഞാൻ അതികം വൈകാതെ മനസ്സിലാക്കി. ഞാൻ രാവിലെ ആ ആഘോഷം കണ്ട അതേ തീയറ്ററിൽ അന്നേ ദിവസം അതേ സിനിമയുടെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റുകൾ എന്റെ സുഹൃത്ത് കരസ്ഥമാക്കിയിരുന്നു. ഞങ്ങൾ നാലു സുഹൃത്തുക്കൾ ഒരുമിച്ചാണ് അന്ന് സിനിമയ്ക്ക് പോയത്. തീയേറ്ററിന് ഉള്ളിൽ കടക്കാൻ തന്നെ ഞങ്ങൾ ഒരുപാട് പണിപ്പെട്ടു. ഒടുവിൽ അകത്തെത്തി ഞങ്ങൾ ഇരിപ്പുറപ്പിച്ച് അധികം വൈകാതെ തന്നെ സിനിമ തുടങ്ങി. പെട്ടെന്നാണ് ദൈവം ആ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതുവരെ ഉണ്ടായിരുന്നതിലും പത്തിരട്ടി അല്ലെങ്കിൽ നൂറിരട്ടി ആവേശഭരിതമായി തീയറ്ററിനുള്ളിലെ അന്തരീക്ഷം. പെട്ടെന്നാണ് എന്റെ തലയിൽ എന്തോ പറന്ന് വന്ന് വീണതായി എനിക്ക് തോന്നിയത്. ഞാൻ നോക്കിയപ്പോൾ പത്തിന്റെയും അമ്പതിന്റെയും നോട്ടുകൾ അന്തരീക്ഷത്തിൽ പറക്കുന്നു. ചില ആരാധകർ രജനികാന്തിനെ കണ്ട ആവേശത്തിൽ വാരിവിതറിയതാണ് എനിക്കുമേൽ പറന്ന് വീണ ആ നോട്ടുകൾ. അവരിൽ ചിലർ സ്‌ക്രീനിന് അടുത്തേക്കായി ഓടുന്നു, അവിടെയെത്തി നൃത്തം വെയ്ക്കുന്നു, കയ്യടിക്കുന്നു, ചിലർ കരയുന്നത് വരെ കാണാനാകുമായിരുന്നു. ആകെ മൊത്തം "തലൈവാ" എന്ന ആർപ്പുവിളികൾ മാത്രമേ കേൾക്കാനാകുമായിരുന്നുള്ളൂ. എന്താണ് സിനിമയിലെ സംഭാഷണം എന്ന് പോലും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
അതേ, രജനി ജീവിച്ചിരിക്കുന്ന ഒരു ദൈവമാണ്. സിനിമ എന്ന കലാരൂപം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായ ഈ നാട്ടില്‍ മറ്റൊരു നടനും ലഭിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്ത അത്ര സ്നേഹമാണ് അവർ ആ താരരാജാവിന് നൽകുന്നത്. പണക്കാരനും പാവപ്പെട്ടവനുമെന്നുള്ള അന്തരമില്ലാതെ ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരും സമന്മാരായി, ഒറ്റക്കെട്ടായി രജനിയെന്ന ദൈവത്തെയും താരത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്നു.
എന്താണ് രജനികാന്തിനെ ഇത്രയും വലിയൊരു പ്രതിഭാസമാക്കുന്നത്? ഈ ചോദ്യമായിരുന്നു എന്റെ മനസ്സിൽ... എഴുപതുകളിൽ, ശിവാജി റാവു ഗെയ്ക്വാദ് എന്ന എളിമയുടെ ആൾരൂപം സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയത്ത് ഈ ലോകമോ അല്ലെങ്കിൽ അദ്ദഹമോ പോലും വിചാരിച്ചിട്ടുണ്ടാകില്ല, ഇന്നു കാണുംവിധം ഇന്ത്യൻ സിനിമയിൽ ആരാലും നേടിയെടുക്കാൻ കഴിയാത്ത അത്ര ഉയരത്തിൽ, ഒരു താരനക്ഷത്രമായി അദ്ദേഹം ജ്വലിച്ച് നിൽക്കുമെന്ന്. ഈ കാലയളവിൽ 150ഓളം ചിത്രങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളതെങ്കിലും, പ്രതിയോഗികളില്ലാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ താരമൂല്യവും വാണിജ്യമൂല്യവും. അദ്ദേഹത്തിന്റെ സ്റ്റൈലും വ്യക്തിസവിശേഷതകളും സിനിമകളിൽ അദ്ദേഹം പറഞ്ഞിട്ടുള്ള പഞ്ച് ഡയലോഗുകളുമെല്ലാം മറ്റൊരു താരത്തിനും ലഭിച്ചിട്ടില്ലാത്ത അത്ര ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തിരിക്കുന്നു.
സാധാരണക്കാർക്കായി എന്തെങ്കിലുമൊരു സന്ദേശം കൂടിയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും. അതൊരു തുന്നൽക്കാരന്റെ വൈദഗ്ധ്യത്തോടെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ തുന്നിച്ചേർത്ത രീതിയിലുമാവും ചിത്രത്തിലുണ്ടാകുക. അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഒന്നു രണ്ടു ചിത്രങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽകൂടിയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് വാനോളം പ്രതീക്ഷയാണ് ആരാധകർ പുലർത്തുന്നത്. അതു തന്നെയാണ് ഈ അറുപത്തഞ്ചാം വയസ്സിലും അദ്ദേഹത്തിന്റെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടാതെ അദ്ദേഹത്തെ സിനിമാലോകത്തെ ചക്രവർത്തിയാക്കുന്നത്.
അദ്ദേഹത്തെ ജീവനുതുല്യമോ അതിലേറെയോ സ്നേഹിക്കുന്ന ആരാധകരോടൊപ്പം കബാലിക്കായി ഞാനും കാത്തിരിക്കുന്നു. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
സുകന്യ കൃഷ്ണ