പ്രതീക്ഷകൾക്കും മേലെ പറക്കുന്ന ഗരുഡൻ

പ്രതീക്ഷകൾക്കും മേലെ പറക്കുന്ന ഗരുഡൻ

സുരേഷ് ഗോപി സിനിമകൾക്ക് പണ്ടുള്ള പോലെ ഹൈപ്പ് ഇപ്പോൾ ഇല്ല എന്ന് തോന്നുന്ന രീതിയിൽ ആയിരുന്നു ഗരുഡൻ സിനിമ റിലീസ് ആകുമ്പോൾ പല കോണുകളിൽ നിന്നുമുള്ള പ്രതികരണം.

തന്റെ സിനിമകൾക്ക് പ്രൊഡ്യൂസറെ കിട്ടാൻ പോലും ബുദ്ധിമുട്ടുന്നു, എന്ന പ്രതികരണം സുരേഷ് ഗോപിയിൽ നിന്നും വന്നിരുന്നു. 

ഇതെല്ലാം കൊണ്ടാകാം, വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് സിനിമ കാണാൻ പോയതും.

തിയറ്ററിലും വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു ആവറേജ് ക്രൗഡ് മാത്രമായിരുന്നു തിയറ്ററിൽ ഉണ്ടായിരുന്നത്.

എന്നാൽ… സിനിമ തുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ ഈ സിനിമയുടെ ക്വാളിറ്റി മനസ്സിലാകും. വളരെ ത്രില്ലിംഗ് ആയ ആദ്യ പകുതി. ബിജു മേനോന്റെ വിളയാട്ടം ആയിരുന്നു ആദ്യ പകുതി എന്ന് പറയാം.

ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷകന് ധാരാളം സംശയങ്ങൾ ഉണ്ടാകും. പൊതുവേ സിനിമയ്ക്ക് മുന്നേ ചിന്തിക്കാൻ കഴിവുള്ള ഒരു പ്രേക്ഷക സമൂഹം ആണല്ലോ നമ്മൾ. എന്നാൽ ഒരു പിടിയും തരാതെ പോകുന്ന സന്ദർഭങ്ങൾ കൊണ്ട് നിറഞ്ഞതാണ് സസ്പെൻസ് ഫാക്റ്ററുകൾ.

രണ്ടാം പകുതി സുരേഷ് ഗോപിയും ബിജു മേനോനും കട്ടയ്ക്ക് തന്നെ ആയിരുന്നു. ഒരല്പം കൂടുതൽ സുരേഷ് ഗോപി സ്‌കോർ ചെയ്തു. മിഥുൻ മാനുവൽ തോമസിന്റെ കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ സിനിമയുടെ മികവ് എന്ന് നിസംശയം പറയാം. അതിനെ അഭിനയിച്ച് ഫലിപ്പിക്കാൻ അത്ര എളുപ്പവുമല്ല. അതിൽ അഭിനേതാക്കൾ എല്ലാവരും തന്നെ വിജയിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ ക്ലൈമാക്സ് ആകുമ്പോൾ മാത്രമാണ് പലതും മനസ്സിലാകുക. ക്ലൈമാക്സ് ഫേസ് ഓഫ് സീൻ, പരസ്പരം ഒരു മത്സരം പോലെയാണ് സുരേഷ് ഗോപിയും ബിജു മേനോനും അഭിനയിച്ചിരിക്കുന്നത്. ആരാണ് “ഗരുഡൻ” എന്നതും മറ്റൊരു സസ്പെൻസ് ആണ്.

കുറേ നാളുകൾക്ക് ശേഷം അഭിരാമിയെ മലയാളത്തിൽ കാണാനായി. അവരുടെ റോൾ മികച്ച രീതിയിൽ തന്നെ അവർ ചെയ്തിട്ടുണ്ട്.

ഒരു മികച്ച വിജയം ആവശ്യമായിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ, ഒന്നും കാണാതെ അല്ല ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന് വ്യക്തം.

അഞ്ചാം പാതിരയ്ക്ക് ഒരു പടി മുകളിൽ നിൽക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഇന്ദ്രൻസ് ഏട്ടൻ ചെയ്തതിലും ഒരു പടി മുകളിൽ നിൽക്കുന്ന മറ്റൊരു സൈക്കോ സീരിയൽ കില്ലർ.

വെറുമൊരു സൈക്കോളജിക്കൽ ത്രില്ലർ എന്ന് പറയാൻ കഴിയില്ല, ഒരു സൈക്കോ-ലീഗൽ ത്രില്ലർ എന്ന് പറയണം.

സംവിധായകന്റെ ആദ്യ ചിത്രമാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല, അത്ര മികച്ച ക്രാഫ്റ്റ് ആണ് അരുൺ വർമ്മ ഒരുക്കിയിരിക്കുന്നത്.

സമകാലീന സംഭവങ്ങളും സുരേഷ് ഗോപി ഈ അടുത്ത് നേരിട്ട പല സാഹചര്യങ്ങളും മുൻകൂട്ടി പ്രവചിച്ച പോലെയുള്ള സീനുകളും സിനിമയിലുണ്ട്.

എന്തായാലും ഒരു പൈസ വസൂൽ മുതൽ തന്നെയാണ് ഗരുഡൻ. മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസ്. ഒരുപക്ഷേ, മറ്റൊരു 100 കോടി ലോഡിംഗ്...

“നിന്നേക്കാൾ മികച്ച നടനാണ് ഞാൻ എന്നത് നീ മറന്നു…”

Once a cop is always a cop.

എന്റെ റേറ്റിംഗ് : 4.2/5

സുകന്യ കൃഷ്ണ

ഗരുഡൻ പോസ്റ്റർ

ഗരുഡൻ

പോലീസുകാരനായ ഹരീഷ് മാധവും കോളേജ് പ്രൊഫസറായ നിഷാന്തും ഒരു കുറ്റകൃത്യത്തിൽ കുടുങ്ങിപ്പോകുന്നു. ഒരാൾക്ക് തന്റെ സത്യസന്ധതയ്ക്കുവേണ്ടിയും മറ്റൊരാൾക്ക് നീതിക്കുവേണ്ടിയും പോരാടേണ്ടി വരുന്നു.

റിലീസ് തീയതി:
സംവിധായകൻ: അരുൺ വർമ്മ
അഭിനേതാക്കൾ: സുരേഷ് ഗോപി, ബിജു മേനോൻ, അഭിരാമി
തരം: ക്രൈം, ഡ്രാമ, ത്രില്ലർ
റേറ്റിംഗ്: 4.2/5
അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്