മെട്രോ സ്റ്റേഷനിലും മാളുകളിലും സംഭാവന നൽകുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക
- സുകന്യ കൃഷ്ണ
- ഒക്ടോബർ 25, 2023
- 1,109
- അഭിപ്രായങ്ങൾ
നമ്മൾ യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് എയർപോർട്ടുകളിലും മെട്രോ സ്റ്റേഷനികളിലും പിന്നെ മാളുകളിലും ഒക്കെ നമ്മുടെ മുന്നിലേക്ക് വരുന്ന ചില ആളുകളുണ്ട്.
പൊതുവേ കോളേജ് വിദ്യാർത്ഥികൾ… വന്ന് നമ്മളോട് വളരെ മര്യാദയോടെ സംസാരിക്കും… നിർധനരോ അനാഥരോ ഒക്കെയായ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഒരു തുക തരാൻ തയാറാണോ എന്ന് ചോദിക്കും… നമ്മളിൽ പലരും മനസ്സലിവ് ഉള്ളവരായത് കൊണ്ട് അത് സമ്മതിക്കുകയും ചെയ്യും…
അതോടെ നമ്മൾ പെട്ടു…
ഒരിക്കൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ക്യാബും വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് രണ്ട് കുട്ടികൾ എന്റെ അടുത്തേക്ക് വന്നു. കോളേജിൽ പഠിക്കുന്ന കുട്ടികൾ ആണ്.
അവർ എന്നെ ഗ്രീറ്റ് ചെയ്ത്, “ഒരു 5 മിനുട്ട് സംസാരിക്കാമോ?” എന്ന് എന്നോട് ചോദിച്ചു. “ശരി” എന്ന് ഞാനും സമ്മതിച്ചു.
അവർ വരുന്നത് യുനിസെഫ് സംഘടനയിൽ നിന്നാണ്. ഐഡി കാർഡും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസി. വിശ്വാസ്യത ഉള്ള ഒരു സംഘടന.
അവർ പല രാജ്യങ്ങളിലും കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ഇന്ത്യയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും ഒക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കി. കരളലിയിക്കുന്ന സംഭവങ്ങൾ, കഥകൾ…
എന്നിട്ട് ഒരു ചോദ്യം, “അവരുടെ ക്ഷേമത്തിനായി ഒരു തുക സംഭാവന ചെയ്യാമോ? ഒരു ജോഡി പാന്റ്സ് വാങ്ങുന്ന ഒരു തുക മതി.”
കുട്ടികൾക്ക് വേണ്ടി അല്ലേ, അതും പഠനത്തിന് കൂടി… “ആയിക്കോട്ടെ… ചെയ്യാം.” എന്ന് ഞാനും സമ്മതിച്ചു.
എങ്ങനെയാണ് പേയ്മെന്റ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ, അവരുടെ സൈറ്റ് വഴി മതി എന്ന് പറഞ്ഞു. ലിങ്കും തന്നു.
നേരത്തെ പറഞ്ഞ സംഘടനയുടെ ഒഫിഷ്യൽ സൈറ്റ് തന്നെ…
സംഭാവന നൽകാൻ വേണ്ടി പ്രാഥമിക വിവരങ്ങൾ നൽകി, അടുത്ത പേജിലേക്ക് കയറിയപ്പോൾ ആണ് ആ ചോദ്യം കണ്ടത്. “ഫ്രീകൊൻസി ഓഫ് പേയ്മെന്റ്” എന്താണ് എന്ന ചോദ്യം, അതിൽ monthly എന്ന ഓപ്‌ഷൻ സെലക്ടഡ് ആണ്.
മറ്റ് ഓപ്‌ഷനുകൾ രണ്ട് മാസം കൂടുമ്പോൾ, മൂന്ന് മാസം കൂടുമ്പോൾ എന്നൊക്കെ…
ഇത് കണ്ടപ്പോൾ ഞാൻ അവരോട് ചോദിച്ചു, “നിങ്ങൾ ഒരു e-mandate ആണോ ആവശ്യപ്പെടുന്നത്?”
ആ ചോദ്യം അവർക്ക് മനസ്സിലായില്ല എന്ന് മറുപടി.
“അതായത് എല്ലാ മാസവും എന്റെ അക്കൗണ്ടിൽ നിന്ന് തനിയെ ഒരു തുക നിങ്ങളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എടുക്കുന്ന രീതി ആണോ?” എന്ന് വിശദമായി ചോദിച്ചു.
“അതെ”, അവർ മറുപടി നൽകി.
“എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല, ഒരു വൺ ടൈം സംഭാവന എന്ന രീതിയിൽ അല്ലേ നിങ്ങൾ എന്നോട് സംസാരിച്ചത്?” എന്ന് ഞാൻ തിരിച്ച് ചോദിച്ചു.
“വൺ ടൈം പേയ്മെന്റ് ചെയ്യാനുള്ള ലിങ്കും ഉണ്ട് മേഡം, അത് മതിയോ?” എന്ന മറുചോദ്യം ആയിരുന്നു അവരുടെ മറുപടി.
“അതല്ലല്ലോ എന്റെ ചോദ്യം, ഒരു തവണ സംഭാവന വാങ്ങുന്ന രീതിയിൽ ഒരു പാന്റ്സ് വാങ്ങുന്ന തുക എങ്കിലും തരാമോ എന്നല്ലേ നിങ്ങൾ എന്നോട് ചോദിച്ചത്? ഇതിപ്പോൾ മാസാമാസം ഓരോ പാന്റ്സ് വാങ്ങുന്ന തുക ആണല്ലോ ഇതിൽ ആവശ്യപ്പെടുന്നത്?” എന്ന് തിരിച്ച് ചോദിച്ചു.
“ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ല, മേഡം.” എന്നായി മറുപടി. ആ മറുപടി പകുതിസത്യമാണ് എന്ന് മനസ്സിലായത് അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ തന്നെ തീരുമാനിച്ചു.
നമ്മുടെ അക്കൗണ്ടിൽ നിന്നും ഒരു നിശ്ചിത തുക, മാൻഡേറ്റ് ലഭിക്കുന്ന സംഘടനയുടെ അക്കൗണ്ടിലേക്ക് നമ്മുടെ ഇടപെടൽ ഇല്ലാതെ കൈമാറാൻ അനുവദിക്കുന്ന ഒരു സംവിധാനം ആണ് ഇ-മാൻഡേറ്റ്. പൂർണമായും ഇലക്ട്രോണിക് ആയ, പേപ്പർ വർക്കോ നമ്മുടെ കൈയ്യൊപ്പോ ഒന്നും ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ഇ-മാൻഡേറ്റ്.
ഇതിന്റെ പേപ്പർ വർക്ക് ആവശ്യമായ പതിപ്പും ഉണ്ട്. ഒരു തവണ മാൻഡേറ്റ് നൽകി കഴിഞ്ഞാൽ രണ്ടിന്റെയും പ്രവർത്തന രീതി ഏറെക്കുറേ ഒരുപോലെയാണ്.
മാൻഡേറ്റ് നൽകുമ്പോൾ നമ്മൾ അനുവദിക്കുന്ന തുക, നമ്മൾ അനുവദിക്കുന്ന സമയപരിധിയിൽ ഒരിക്കൽ നമ്മുടെ ഇടപെടൽ ഒന്നും തന്നെ ഇല്ലാതെ മാൻഡേറ്റ് ലഭിച്ചവർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എടുക്കാൻ സാധിക്കും.
ഈ ബാങ്ക് ലോണിന്റെ ഒക്കെ തിരിച്ചടവും ഇതേ പ്രക്രിയ ആണ്.
ഇതൊന്നും അറിയാതെ ആകാം ഈ കുട്ടികളും എന്റെ മുന്നിലേക്ക് എത്തിയത്.
ഇതേപോലെ പിന്നീട് കടവന്ത്ര മെട്രോ സ്റ്റേഷനിലും പാലാരിവട്ടം മെട്രോ സ്റ്റേഷനിലും, ലുലു മാളിലും, ബംഗളൂരുവിലും മൈസൂരിലും ഒക്കെ ഇതേ സംഘടനയുടെ ആളുകളെ കണ്ടുമുട്ടിയപ്പോൾ ആണ് മനസ്സിലായത്, ഇവർ വലിയ തോതിൽ തന്നെ ഒരുപക്ഷേ, ഇന്ത്യ മുഴുവൻ എന്ന ലെവലിൽ തന്നെ ഈ പരിപാടി നടത്തുന്നുണ്ട്.
മറ്റൊന്ന്, അവരെ കണ്ടാൽ ഈ സംഘടനയ്ക്ക് വേണ്ടി വോളന്റിയർ ആയി പ്രവർത്തിക്കുന്നവർ ആണെന്ന് തോന്നും. അല്ല, അവർ ശമ്പളം വാങ്ങി പ്രവർത്തിക്കുന്ന ഏജന്റുമാർ തന്നെയാണ്. അവർക്ക് കമ്മീഷനും ഉണ്ട്.
ഇവയിൽ ഏതൊക്കെ ഓപ്‌ഷൻ നമുക്ക് നൽകുന്നു എന്നത് മാൻഡേറ്റ് സ്വീകരിക്കുന്ന സംഘടന നിശ്ചയിക്കുന്ന പോലെ ആയിരിക്കും. ചിലപ്പോൾ അത്തരം ഒരു ഓപ്‌ഷൻ നൽകിയില്ല എന്നും വരാം. ആ സാഹചര്യത്തിൽ എപ്പോഴൊക്കെ പണമെടുക്കും എന്ന് അറിയാൻ മാൻഡേറ്റ് authenticate ചെയ്യുന്ന സ്‌ക്രീനിൽ നോക്കിയാൽ അറിയാൻ കഴിയും. അവിടെ അത് നിർബന്ധമായും പ്രദർശിപ്പിക്കണം എന്നാണ് നിയമം.
നാം തിരഞ്ഞെടുക്കുന്ന സമയപരിധിയ്ക്ക് ഉള്ളിൽ ഒരു തവണ അവർക്ക് നമ്മുടെ അക്കൗണ്ടിൽ നിന്നും പണമെടുക്കാൻ സാധിക്കും.
ഉദാഹരണത്തിന്, മാസംതോറും എന്ന സമയപരിധിയാണ് നാം തിരഞ്ഞെടുത്തത് എന്ന് കരുതുക. അങ്ങനെയെങ്കിൽ മാസത്തിലെ ആദ്യ ദിവസത്തിനും അവസാനത്തെ ദിവസത്തിനും ഇടയിൽ ഒരു തവണ അവർക്ക് പണം എടുക്കുവാൻ സാധിക്കും.
ശ്രദ്ധിക്കുക, രണ്ട് മാൻഡേറ്റുകൾ തമ്മിൽ ഈ സമയപരിധി ഉണ്ടാകണം എന്ന് നിർബന്ധമില്ല. ഒരു മാസത്തിൽ അവസാനത്തെ ദിവസവും, അടുത്ത മാസത്തിലെ ആദ്യത്തെ ദിവസവും എന്ന രീതിയിൽ വേണമെങ്കിലും അവർക്ക് പണമെടുക്കാൻ സാധിക്കും.
ഈ വിഷയത്തെ കുറിച്ച് ആധികാരികമായി എങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ, ഇത്തരം ഒരു സംവിധാനം മറ്റൊരു സംഘടനയ്ക്ക് വേണ്ടി നിർമ്മിക്കാൻ എനിക്കൊരു അവസരം ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യേണ്ടി വന്നതിനാൽ. ഇതിന്റെ ഒരു വിധം എല്ലാ വശങ്ങളും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
- സുകന്യ കൃഷ്ണ.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതലായി എന്തെങ്കിലും അറിയാണെമെങ്കിലോ സംശയങ്ങൾ ഉണ്ടെങ്കിലൊ താഴെ കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്.