സിസിടിവിയും മിന്നലും പിന്നെ...

സിസിടിവിയും മിന്നലും പിന്നെ...

സിസിടിവിയും മിന്നലും ഇന്ന് വൻ ചർച്ച ആകുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്, ചിലതൊക്കെ ചോദിക്കാനും...

ആധികാരിക രേഖകളിൽ കാണുന്ന പൊരുത്തക്കേടുകൾ കൊണ്ടും, എന്റെ പ്രവർത്തനമേഖലയിൽ വരുന്ന ഒരു വിഷയം ആയതുകൊണ്ടും ചിലതൊക്കെ പറയുവാൻ ആഗ്രഹിക്കുന്നു.

ആദ്യം, വിവാദമാകുന്ന വിഷയം...

മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സെക്രട്ടേറിയേറ്റിലെ ചില ഓഫീസുകളുടെയും സിസിടിവി സംവിധാനം കഴിഞ്ഞ രണ്ടുമാസമായി "ഇടിമിന്നലേറ്റ്" തകരാറിൽ ആയിരിക്കുന്നു എന്നും, ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഒന്നും ലഭ്യമല്ല എന്നും അറിയുവാൻ കഴിയുന്നു.

ഇടിമിന്നലേറ്റ് തകരാറിൽ ആയ ഒരു 8 port POE സ്വിച്ച് മാറ്റി സ്ഥാപിക്കുവാൻ ആവശ്യമായ ഉത്തരവ്, പൊതുഭരണ വകുപ്പിന് കീഴിൽ ഉള്ള ഹൗസ് കീപ്പിംഗ് സെൽ-എ ഈ മാസം 13ന് പുറത്തിറക്കിയിരുന്നു എന്നും പറയപ്പെടുന്നു. (ആ ഉത്തരവിന്റെ പകർപ്പ് ആദ്യ കമന്റിൽ ചേർക്കുന്നു)

ഇവിടെ എനിക്ക് തോന്നുന്ന ചില സംശയങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു...

  1. ഇടിമിന്നലേറ്റ് ഇങ്ങനൊരു ഉപകരണം നശിച്ചു എന്ന് പൊതുഭരണ വകുപ്പ് (ഹൗസ് കീപ്പിംഗ്‌ സെൽ-എ) അണ്ടർ സെക്രട്ടറിയുടെ കത്ത് പുറത്തിറങ്ങുന്നത് മെയ് 13നാണ്. എന്നാൽ, ഗവൺമെന്റ് സെക്രട്ടേറിയറ്റ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ കത്ത് പുറത്തിറങ്ങുന്നത് ജൂൺ ഒന്നിന് മാത്രമാണ്. സിസിടിവി സംവിധാനം എന്നത് സുരക്ഷയുടെ ഭാഗം ആയതിനാലും, സെക്യൂരിറ്റി വിഭാഗം എന്നത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഭാഗങ്ങളുടെ പട്ടികയിൽപെടുന്ന ഒന്നായിട്ടും ഈ വിഷയത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഭാഗത്തുനിന്നും തുടർ നടപടികൾക്ക് ഇത്രയും കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണ്?
  2. ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ സിസിടിവി സംവിധാനം കേവലം ഒരു 8 പോർട്ട് POE സ്വിച്ച് നശിച്ചാൽ തകരാറിൽ ആകുന്ന അത്രയും അധപ്പതിച്ച അവസ്ഥയിൽ ആണോ?
  3. കേവലം ഒരു 8 പോർട്ട് POE സ്വിച്ച് ആണോ ഇത്രയും വലിയ നെറ്റ്‌വർക്കിന്റെ നെടുംതൂൺ? 
  4. ഈ 8 പോർട്ട് POE സ്വിച്ച് എന്ന് പറയുമ്പോൾ 8 RJ45 അപ്പ്‌ലിങ്ക് പോർട്ടുകൾ മാത്രമാണ് അതിന് ഉള്ളത്. അതായത് 8 ഉപകരണങ്ങൾ (അത് ക്യാമറ ആയാലും, മറ്റ് RJ45 കണക്റ്റിവിറ്റി ഉള്ള ഏത് ഉപകരണം ആയാലും) മാത്രമാണ് ഇതിൽ കണക്ട് ചെയ്യുവാൻ സാധിക്കുക. അതിൽ 8 പോർട്ടിലും ക്യാമറകൾ കണക്ട് ചെയ്താലും ബാക്കിയുള്ള ക്യാമറകളുടെ ദൃശ്യങ്ങൾ എവിടെ? അതോ വെറും 8 ക്യാമറകൾ മാത്രമാണോ സംസ്ഥാനത്തെ തന്ത്രപ്രധാനമായ ഗവൺമെന്റ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാ സംവിധാനം?
  5. നെറ്റ്‌വർക്കിംഗ് രംഗത്തെ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികളിൽ പ്രമുഖ സ്ഥാനം ഉള്ള D-LINK പോലുള്ള കമ്പനികളുടെ 8 PORT POE സ്വിച്ച് 3000 രൂപ മുതൽ ലഭ്യമാണ്. ഇപ്പൊൾ ഉത്തരവിലൂടെ മാറ്റി സ്ഥാപിച്ച 8 PORT POE സ്വിച്ചിന് ചിലവാക്കിയിരിക്കുന്നത് 10,413 രൂപയാണ്. തകരാറിൽ ആയാൽ രണ്ട് മാസം കഴിഞ്ഞ് മാത്രം പരിഹരിച്ചാൽ മതിയെന്ന ലാഘവത്തോടെ മാത്രം സമീപിക്കുന്ന ഈ സംവിധാനത്തിന് എന്തിനാണ് സാധാരണ വിലയിൽ നിന്നും മൂന്നിരട്ടിയിൽ അധികം വിലപിടിപ്പുള്ള ഒരു ഉപകരണം വാങ്ങുന്നത്? അതും ചിലവ് ചുരുക്കൽ എന്നത് ഒരു നയമായി പ്രഖ്യാപിച്ച ഒരു സർക്കാർ ഇവിടെയുള്ളപ്പോൾ?
  6. താരതമ്യേന ചെറുതും എന്നാൽ സുരക്ഷാ പ്രാധാന്യം ഉള്ള ഓരോ ചിലവുകൾക്കും സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ (അത് മാസങ്ങളോളം) കാത്തിരിക്കാൻ ആണെങ്കിൽ, എന്തിനാണ് ഓരോ വകുപ്പിനും അതിന് കീഴിലുള്ള സംവിധാനങ്ങൾക്കും miscellaneous expenses എന്നൊരു സംവിധാനം ഉള്ളത്? പല വകുപ്പുകളിലെയും വണ്ടികളിൽ പെട്രോൾ അടിക്കുന്നത് പോലും ഇതിലും വലിയ തുകകൾക്കാണ് എന്ന് കൂടി അറിയുമ്പോൾ ആകും ഇതിലെ ഒരു വിരോധാഭാസം വ്യക്തമാകുക. അതോ പെട്രോൾ അടിക്കാൻ ഫണ്ടിനായി ഉത്തരവ് ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരാറുണ്ടോ?
  7. ഈ രണ്ട് മാസ കാലയളവിൽ ഇത്രയും തന്ത്രപ്രധാനമായ ഓഫീസുകൾക്ക് എന്ത് സുരക്ഷയാണ് ഉണ്ടായിരുന്നത്? 
  8. സാധാരണ ഗതിയിൽ രണ്ട് മാസം വരെയാണ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാറുള്ളത്. അതിന് പിറകിലേക്ക് ഉള്ളത് സിസ്റ്റത്തിൽ നിന്നും ഓട്ടോമാറ്റിക് ആയി നീക്കം ചെയ്യപ്പെടും. അതുകൊണ്ടാണോ കൃത്യമായി രണ്ട് മാസം മുൻപ് മാത്രം ഇടിമിന്നൽ ഏറ്റ് ഈ ഉപകരണങ്ങൾ തകരാറിൽ ആയത്?
  9. ഇത്തരം സുരക്ഷാ സംവിധാനങ്ങൾക്ക് ഒരു വെബ് ബാക്കപ്പും, ദിനംപ്രതിയുള്ള ഡാറ്റാ ബാക്കപ്പും ഉണ്ടാകും. ഇടിമിന്നലിൽ അതും നഷ്ടപ്പെട്ട് പോയോ?
  10. ഇടിമിന്നൽ ഏറ്റ്‌ തകരാറിൽ ആയ 8 PORT POE സ്വിച്ച് വാങ്ങിയപ്പോൾ അതിനൊരു ബിൽ ലഭിച്ചിട്ടുണ്ടാകും... ആ ബിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകുമ്പോൾ ആണല്ലോ, ചിലവായ തുക റീഇംബർസ്‌ ചെയ്ത് നൽകുക. ഇത്തരം ബില്ലുകൾ ഫയൽ ചെയ്ത് വയ്ക്കുന്ന പതിവ് ഉണ്ടെന്ന് അറിയാം.

സാധാരണ ഗതിയിൽ ഉപകരണത്തിന്റെ സീരിയൽ നമ്പർ ആ ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ബില്ലും കേട് വന്ന ഉപകരണവും ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ, അത് നൽകുവാൻ സാധിക്കുമോ? അതിന് തയാറാണോ?

ഈ ചോദ്യങ്ങൾ കൂടാതെ പ്രസക്തമായ ചില കാര്യങ്ങൾ കൂടി പറയാം...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓഫീസിന്റെയും അദ്ദേഹത്തിന്റെ ചേംബറിന്റെയും അടക്കം സിസിടിവി ദൃശ്യങ്ങൾ 2011ൽ അദ്ദേഹം അധികാരത്തിലേറിയത് മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. അത്രയ്ക്ക് സുതാര്യത ആ ഓഫീസിന് നൽകിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങിയത് പോലും... "എനിക്കൊന്നും ഒളിക്കാനില്ല" എന്നായിരുന്നു ഈ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത് പോലും.

എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങൾക്കുള്ളിൽ (2016 മെയ് 24ന്) ആ ക്യാമറകളും, ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനവും നീക്കം ചെയ്തിരുന്നു.

ഈ സർക്കാരിന് ഒളിക്കാൻ ഒരുപാടുണ്ടാകും എന്ന മുൻധാരണ കൊണ്ടാണോ priority ലിസ്റ്റിൽ പെടുത്തി, മുഖ്യമന്ത്രിയായി ഓഫീസിൽ എത്തുന്നതിന് മുൻപ് തന്നെ അവ നീക്കിയത്?

സുതാര്യത എന്നതിന് എന്ത് മൂല്യമാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി കല്പിച്ചിരിക്കുന്നത്?

സുതാര്യത ഇല്ലാതെ കാര്യങ്ങൾ ചെയ്യുമ്പോൾ വിമർശനവും സംശയദൃഷ്ടിയും ഏൽക്കേണ്ടി വരിക സ്വാഭാവികമാണ്. അതിൽ എന്തിനാണ് താങ്കൾക്ക് അസഹിഷ്ണുത തോന്നുന്നത്?

കോവിഡ്‌ സംബന്ധമായ കണക്കുകൾ അവതരിപ്പിക്കാൻ ദിവസവും ഒരു മണിക്കൂർ പത്ര സമ്മേളനത്തിന്റെ ആവശ്യം എന്താണ്? താങ്കൾക്ക് എഴുതി നൽകിയിരിക്കുന്ന കാര്യങ്ങൾ ഒരു പ്രസ്സ് റിലീസ് ആയി അങ്ങ് മാധ്യമങ്ങൾക്ക് നൽകിയാൽ പോരെ?

അത്യാവശ്യം ഉള്ള കാര്യങ്ങൾ പറയാൻ മാത്രം പത്ര സമ്മേളനം നടത്തിയാൽ പോരെ?

അതല്ലാതെ അഞ്ചോ ആറോ സ്ലൈഡുകളിൽ വിശദീകരിക്കാൻ കഴിയുന്ന ഡാറ്റ വായിച്ച് കേൾപ്പിക്കാൻ എന്തിനാണ് ഒരു പത്ര സമ്മേളനം?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താങ്കളുടെ പത്ര സമ്മേളനങ്ങൾ ശ്രദ്ധയോടെ ഞാൻ വീക്ഷിക്കാറുണ്ട്. അതിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ വ്യക്തമായി പറയാം...

താങ്കൾ ഈ കണക്കുകൾ അവതരിപ്പിച്ച് തീരും വരെ യാതൊരു അക്ഷരവും മിണ്ടാതെ മാധ്യമ പ്രവർത്തകർ ശ്രദ്ധയോടെയും അർഹിക്കുന്ന ബഹുമാനത്തോടെയും കേട്ടിരിക്കും.

അത് കഴിയുമ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കുക പോലും വളരെ ഉത്തരവാദിത്വബോധത്തോടെയാണ്. കോവിഡ്‌ സംബന്ധമായ ചോദ്യങ്ങൾ മാത്രമാണ് അവർ ആദ്യം ചോദിക്കുക. അതിനെല്ലാം താങ്കൾ അർഹിക്കുന്ന മറുപടിയും നൽകും.

എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് ആദ്യ ചോദ്യം വരുമ്പോൾ തന്നെ, അതിന് വളരെ ധാർഷ്ട്യത്തോടെ ഒരു മറുപടി പറഞ്ഞിട്ട്... "ഇന്നത്തേക്ക് ഇത്രയും മതി, ബാക്കി നാളെയാകാം..." എന്നും പറഞ്ഞ് താങ്കൾ മുന്നിലിരിക്കുന്ന മൈക്ക് അങ്ങ് ഓഫ് ചെയ്യും. അതോടെ ചാനലുകൾ താങ്കളുടെ പത്ര സമ്മേളനത്തിന്റെ തത്സമയം അങ്ങ് നിർത്തും.

ചിലത് ചോദിച്ചോട്ടെ!

ചോദ്യങ്ങളെ നേരിടാൻ അല്ലെങ്കിൽ പിന്നെ എന്തിന് പത്രസമ്മേളനം നടത്തുന്നു?

അവസാനം പറയുന്ന വാചകത്തിൽ, "ബാക്കി നാളെയാകാം..." എന്ന് പറയുന്നല്ലോ! നാളെ എന്താകാം എന്നാണ്?

എന്തിനാണ് ഈ പ്രഹസനം?

ചോദ്യങ്ങളിൽ നിന്നും (മൈക്ക് ഓഫാക്കി) ഒളിച്ചോടുന്ന ഒരു മുഖ്യമന്ത്രിയെ അല്ല ഞങ്ങൾക്ക് വേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.

ഇന്നത്തേക്ക് ഇത്രയും മതി, ബാക്കി (പോസ്റ്റ്) നാളെയാകാം...

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്