എയർപോർട്ടിൽ പിടിച്ചിരുത്തി... കാരണം കറുത്ത ടി-ഷർട്ട്!
- സുകന്യ കൃഷ്ണ
- നവംബർ 16, 2025
- 35,907
- പോസ്റ്റ്
- 4 മിനുട്ട് വായന
- അഭിപ്രായങ്ങൾ

ഏഴ് വർഷം മുന്നേ ഇതേ ദിവസം നടന്ന ഒരു സംഭവം പറയാം…
ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയാണ് ഞാൻ.
അന്ന് ഞാൻ ധരിച്ചിരുന്ന വേഷം ഒരു കറുത്ത ജീൻസും, ടി-ഷർട്ടുമാണ്. അതുകൊണ്ട് മാത്രം CISF എന്നെ കൊച്ചി എയർപോർട്ടിൽ തടഞ്ഞു.
ചെക്കിംഗ് ഒന്നുമില്ല. വളരെ മര്യാദയോടെ ലോബിയിൽ കൊണ്ടിരുത്തി. അവർ പറയും വരെ അവിടെ ഇരിക്കണം, എന്ന് മാത്രമാണ് നിർദേശം.
എന്നെ പിക്ക് ചെയ്യാൻ വേണ്ടി, താമസം ബുക്ക് ചെയ്ത ഹോട്ടലിൽ നിന്ന് അയച്ച കാർ പുറത്തുണ്ട്. അതിൻ്റെ ഡ്രൈവർ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു.
പുറത്തേക്ക് നോക്കുമ്പോൾ വലിയ ജനക്കൂട്ടം. അവർ ഭയങ്കര ബഹളത്തിലുമാണ്.
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
കുറച്ച് നേരം വെയിറ്റ് ചെയ്ത ശേഷം ഒരു CISF ഉദ്യോഗസ്ഥൻ്റെ അടുത്ത് ചെന്ന്, "എന്നെ എന്തിനാണ് ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നത്" എന്ന് ചോദിച്ചു.
"മാഡം, നിങ്ങളെ ഇപ്പൊ പുറത്ത് വിട്ടാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്." അദ്ദേഹത്തിൻ്റെ മറുപടി.
ആ സമയത്ത് എനിക്ക് ചില ഭീഷണികൾ നിലനിൽക്കുന്നുണ്ട്. അതൊക്കെ വലിയ വാർത്ത ആയതുമാണ്.
പക്ഷേ, ഇതിനിടയിൽ പല തവണ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് യാത്രകൾ ഞാൻ ചെയ്തിരുന്നു. അന്നൊന്നും ഇല്ലാത്ത ഭീഷണി ഇന്ന് എന്താണ്? എനിക്കൊന്നും മനസ്സിലായില്ല.
അൽപ സമയം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിൻ്റെ അടുത്തെത്തി, "എന്താണ് സുരക്ഷാ ഭീഷണി?" എന്ന് തിരക്കി.
"നിങ്ങളുടെ ടീമിൽ നിന്നും ആരെങ്കിലും പുറത്തേക്ക് ഇറങ്ങിയാൽ കൈകാര്യം ചെയ്യും എന്ന് പറഞ്ഞാണ് പുറത്ത് ഇത്രയും വലിയ ജനക്കൂട്ടം നിൽക്കുന്നത്." അദ്ദേഹത്തിൻ്റെ മറുപടി.
“ങ്ങേ! എൻ്റെ ടീമോ? ഞാൻ ഒറ്റയ്ക്ക് ആണല്ലോ വന്നത്!”
"അപ്പോ മാഡം ഇവരുടെ കൂടെ ഉള്ള ആളല്ലേ?" എന്നും പറഞ്ഞ് ഒരാളെ ചൂണ്ടി കാണിക്കുന്നു.
"ആരാ ഇത്? ഇവരെയൊന്നും എനിക്കറിയില്ല." എന്ന് ഞാനും പറഞ്ഞു.
"അപ്പോ ശബരിമലയിലേക്ക് പോകാൻ വേണ്ടി ഇവരോടൊപ്പം വന്നതല്ലേ മാഡം?" അദ്ദേഹത്തിൻ്റെ മറുചോദ്യം.
"അല്ല." ഞാൻ എന്തിനാണ് വന്നത് എന്ന് അദ്ദേഹത്തോട് വിശദീകരിച്ചു.
അപ്പോ അദ്ദേഹം എന്നോട് പറഞ്ഞു. “ക്ഷമിക്കണം, തൃപ്തി ദേശായിയുടെ കൂടെ വന്ന ടീമിൽ ഉള്ള ആളാണ് എന്ന് കരുതിയാണ് മാഡത്തോട് ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞത്. പക്ഷേ, ഈ വേഷത്തിൽ പുറത്തേക്ക് പോകുന്നത് സേഫ് അല്ല.”
അത് സാരമില്ല, പുറത്തെ പ്രശ്നങ്ങൾ ഞാൻ ഹാൻഡിൽ ചെയ്തോളാം. എനിക്ക് പോകാമല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
"It's still risky, but if you insist." എന്ന് അദ്ദേഹം പറഞ്ഞു. വെയിറ്റ് ചെയ്യൂ, കാർ വരെ എത്തിക്കാൻ സെക്യൂരിറ്റി തരാം എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോഴാണ് ഈ വന്നിരിക്കുന്ന സാധനം ശബരിമല കയറാൻ വന്ന തൃപ്തി ദേശായി ആണെന്ന് ഞാൻ അറിയുന്നത്. ഇത്ര നേരം അതിനോടൊപ്പം ആണോ ഞാൻ ഇരുന്നത്?
അന്ന് മാതൃഭൂമിയിൽ ജോലി ചെയ്തിരുന്ന എൻ്റെ അടുത്ത സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു.
"എയർപോർട്ടിന് അകത്തെ ദൃശ്യങ്ങൾ ഒരു മാധ്യമങ്ങൾക്കും കിട്ടിയിട്ടില്ല. നീ ഒരു വീഡിയോ എടുത്ത് അയക്കാമോ" എന്നായി.
അങ്ങനെ ഞാൻ എടുത്ത് അയച്ച ദൃശ്യങ്ങൾ ഫ്ലാഷ് ന്യൂസായി വരാൻ തുടങ്ങി. ഇതൊക്കെ അകത്തിരുന്ന് ഫോണിൽ ഞാൻ കാണുന്നു.
അപ്പോഴേക്കും സെക്യൂരിറ്റി തരാൻ രണ്ട് ഉദ്യോഗസ്ഥർ വന്നു.
അവരോടൊപ്പം ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ, ഒരു കൂട്ടം സ്ത്രീകൾ എന്നെ തടഞ്ഞു.
"നിങ്ങളെ പുറത്തേക്ക് ഇറങ്ങാൻ ഞങ്ങൾ അനുവദിക്കില്ല." എന്നായി അവർ.
ചേച്ചിമാരെ ഞാൻ ശബരിമല കയറാൻ വന്ന ആളല്ല. അതിന് വന്ന ജന്തു മഞ്ഞ വേഷത്തിൽ അകത്ത് തന്നെ ഇരിപ്പുണ്ട്. ഞാൻ നഗരത്തിലേക്ക് പോകുന്ന ആളാണ്. ഞാൻ താമസിക്കുന്ന ഹോട്ടലിൻ്റെ പേരുള്ള വണ്ടി കാണിച്ച് കൊടുത്തു.
അങ്ങനെ അവർ എന്നെ പോകാൻ അനുവദിച്ചു.
"ഇപ്പൊ എന്താ ഉണ്ടായേ?" എന്ന ഭാവത്തിൽ ഞാൻ കാറിൽ കയറി, എയർപോർട്ടിന് പുറത്തേക്ക്…
സുകന്യ കൃഷ്ണ
